'ഐസിസി അക്കാര്യത്തില്‍ പുനർവിചിന്തനം നടത്തും'; ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ പാകിസ്ഥാനെ പരിഹസിച്ച് സെവാഗ്

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും മിക്കപ്പോഴും ഒരോ ഗ്രൂപ്പില്‍ വരുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഐസിസി പുനഃരാലോചന നടത്തുമെന്ന് സെവാഗ് വിലയിരുത്തി.

2007 ഏകദിന ലോകകപ്പില്‍ ഇന്ത്യയോ, പാകിസ്ഥാനോ രണ്ടാം റൗണ്ടിലേക്കു യോഗ്യത നേടിയില്ല. അന്നു മുതല്‍ ഇരുടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഐസിസി പുനര്‍വിചിന്തനം നടത്തും. ഇവരെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഒരു ടീം ഗ്രൂപ്പില്‍ ഇല്ലെന്നു ഉറപ്പാക്കുകയും ചെയ്യും- സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയപ്പോള്‍ പാകിസ്ഥാന്‍ പുറത്തായിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് അവര്‍ക്കു ഫിനിഷ് ചെയ്യാനായത്. ഇന്ത്യയോടും അമേരിക്കയോടുമേറ്റ തോല്‍വിയാണ് പാകിസ്ഥാന് തിരിച്ചടിയായത്.

നേരത്തേ ഐസിസിയുടെ പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടത്. 2021, 22 വര്‍ഷങ്ങളിലെ ടി20 ലോകകപ്പില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. 2021ല്‍ പാകിസ്ഥാന്‍ പത്തു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോള്‍ 2022ല്‍ ഇന്ത്യ പകരം വീട്ടി. ഇത്തവണയും ഇന്ത്യ ആധിപത്യ വിജയം നേടി.