അങ്ങനെ നടന്നാൽ സഞ്ജു ടീമിൽ നിന്ന് പുറത്താകും, മലയാളി താരത്തിന് അപായ സൂചന നൽകി ആകാശ് ചോപ്ര

ഒമ്പത് വർഷം മുമ്പ് 2015ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചെങ്കിലും ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ ഇതുവരെ ഇന്ത്യൻ ടീമിൽ സ്ഥിരസ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. പലപ്പോഴും മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഒകെ ബാറ്റ് ചെയ്തിരുന്ന സഞ്ജുവിനെ ഓപ്പണറായി ഇറക്കി ഗംഭീറും സൂര്യകുമാറും ഞെട്ടിക്കുക്കുക ആയിരുന്നു.

ഗ്വാളിയോറിലെ ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സാംസൺ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. മികച്ച രീതിയിൽ കളിച്ച സാംസൺ 19 പന്തിൽ 29 റൺസ് നേടി കിട്ടിയ അവസരം നല്ല രീതിയിൽ തന്നെ ഉപയോഗിക്കുകയും ചെയ്തു.

മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര, വരാനിരിക്കുന്ന മത്സരങ്ങളിൽ സ്ഥിരത പുലർത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു, സാംസണെ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ പുറത്താക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി.

“അവൻ മിടുക്കനാണ്, അവൻ 29 റൺസ് നേടി. എൻ്റെ ഒരേയൊരു അഭിപ്രായം അവൻ കുറച്ചുകൂടി മുന്നോട്ട് പോകണം. കുറച്ച് റൺസ് കൂടി സ്കോർ ചെയ്യണം, അല്ലാത്തപക്ഷം അവർ അവനെ പുറത്താക്കും. ബാറ്റിംഗ് ഓർഡറിൽ അങ്ങോട്ടും ഇങ്ങോട്ടും അവനെ മാറ്റുകയാണ്” ചോപ്ര തൻ്റെ YouTube ചാനലിൽ പറഞ്ഞു.

ഗ്വാളിയോറിൽ നടന്ന മത്സരത്തിനിടെ ഷോട്ട് മേക്കിംഗിലെ സാംസണിൻ്റെ ചാരുതയെ ചോപ്ര പ്രശംസിച്ചു. “നിങ്ങൾ സഞ്ജു സാംസണെ കുറിച്ച് പറയേണ്ടതുണ്ട്. റണ്ണൗട്ടാകുന്നത് വരെ അഭിഷേക് ശർമ്മ അദ്ഭുതകരമായി കളിച്ചു, എന്നാൽ സഞ്ജു എത്ര നന്നായി കളിച്ചു? സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമാണെന്ന് ഗൗതം ഗംഭീർ പണ്ടേ പറഞ്ഞിരുന്നു.”

പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലെ 29 കാരനായ സാംസണിൻ്റെ പ്രകടനം ഇന്ത്യൻ ടി20 ടീമിന്റെ അദ്ദേഹത്തിന്റെ ഭാവിയിൽ നിർണായകമാകും.