ഒരു ഏകദിന മത്സരത്തിൽ രണ്ട് ടീമുകളും 50 ഓവറുകൾ വീതമുള്ള ഇന്നിങ്‌സുകൾ പൂർത്തിയാക്കിയാൽ അതിൽ ആകെ 600 പന്തുകൾ കാണാം. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്നാൽ 5 ഇന്നിങ്‌സുകൾ ഉള്ളത് കൊണ്ട് എരിയുന്ന പന്തുകളുടെ എണ്ണം കൂടുതൽ ആയിരിക്കും. എന്നാൽ ഇന്ന് സമാപിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ആകെ എറിഞ്ഞ പന്തുകൾ 642 മാത്രം. അതായത് ഒരു ഏകദിന ഇന്നിങ്സിന് തുല്യമായ പന്തുകൾ മാത്രം. രണ്ട് ദിവസങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് അവസാനിച്ച ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും വേഗം പൂർത്തിയായ, ഏറ്റവും കുറഞ്ഞ പന്തുകൾ എറിഞ്ഞ മത്സരം കൂടിയായി മാറിയിരിക്കുന്നു.
1932 ൽ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ സമാപിച്ച ടെസ്റ്റ് മത്സരം 656 പന്തുകൾ കൊണ്ട് മാത്രം സമാപിച്ചിരുന്നു. എന്തായാലും ഈ റെക്കോഡാണ് ഇപ്പോൾ ഇന്ത്യ സൗത്താഫ്രിക്ക മത്സരം മറികടന്നിരിക്കുന്നത്. എന്തായാലും പേസറുമാരെ അമിതമായി പിന്തുണക്കുന്ന പിച്ചിനെക്കുറിച്ചുള്ള വിമർശനം ഇതിനോടകം വളരെ സ്ട്രോങ്ങ് ആയി മാറി കഴിഞ്ഞിട്ടുണ്ട്.
ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 176 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കെയ തകർത്തത്. ജയിക്കാൻ 79 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 28 റൺസ്, ഗില് 10 , കോഹ്‌ലി 12 എന്നിവർ പുറത്തായപ്പോൾ ശ്രേയസ് അയ്യരെ (4) കൂട്ടുനിർത്തി രോഹിത് (17) ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.
62 റൺസിന് 3 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം സെഞ്ച്വറി നേടി. ഇതാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. മാർക്രം 103 ബോളിൽ രണ്ട് സിക്‌സിന്റെയും 17 ഫോറിന്റെയും അകമ്പടിയിൽ 106 റൺസെടുത്തു. ഡീൻ എൽഗർ 12, ഡേവിഡ് ബെഡിൻഗാം 11, മാർക്രോ ജാൻസൺ 11 എന്നിവരാണ് പ്രോട്ടീസ് നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. ബുംറ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് കുമാർ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യൻ മറുപടിയിൽ ടി 20 സ്റ്റൈലിൽ തുടങ്ങിയ ജയ്‌സ്വാൾ തന്നെ ആയിരുന്നു സ്കോറിന് വേഗം കൂട്ടിയത്. ആക്രമണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം എന്ന ചിന്ത ഉറപ്പിക്കുന്ന തരത്തിൽ ഒരു പക്കാ അറ്റാക്കിങ് ഗെയിം കളിച്ച ജയ്‌സ്വാളിനു രോഹിത് പിന്തുണ നൽകി. ജയ്‌സ്വാൾ മടങ്ങിയ ശേഷം കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിച്ച ഗില്ലും കോഹ്‌ലിയും വീണെങ്കിലും കൂടുതൽ നഷ്ടം വരുത്താതെ രോഹിത്- അയ്യർ സഖ്യം ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു. റബാഡ, ജാൻസൺ, ബർഗർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി.
Read more
നേരത്തേ ഒന്നാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിൽ ഒതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിൽ 153 റൺസിന് ഓൾഔട്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണ് 55 എന്നത്. 1932-നു ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്‌കോറിന് പുറത്താകുന്നതും ഇതാദ്യം. ഒന്നാം ദിവസത്തിന്റെ ഒന്നാം സെഷനിൽ തന്നെ മുഴുവൻ പേരും പുറത്തായെന്ന നാണക്കേടും ദക്ഷിണാഫ്രിക്കയുടെ പേരിലായിരുന്നു.