ഐപിഎല്‍ കളിക്കണമെങ്കില്‍ ഇനിമുതല്‍..; പുതിയ നിബന്ധനയ്‌ക്കൊരുങ്ങി ബിസിസിഐ

ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരാനൊരുങ്ങി ബിസിസിഐ. ഐപിഎലില്‍ കളിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്ന നിബന്ധനയാണ് ബിസിസിഐ നടപ്പില്‍ വരുത്താന്‍ ആലോചിക്കുന്നത്. യുവതാരങ്ങള്‍ രഞ്ജി ട്രോഫി കളിക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ നിര്‍ണായക നീക്കം.

ദേശീയ ടീമില്‍നിന്ന് ഫോമൗട്ടായി പുറത്തായാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്നവരുണ്ട്. അവര്‍ റെഡ്ബോള്‍ ക്രിക്കറ്റ് കളിക്കില്ല. ഈ പ്രവണത മറികടക്കാന്‍ മൂന്നോ നാലോ രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന നിബന്ധന കൊണ്ടുവരികയാണ്. അതില്‍ പങ്കെടുക്കാത്ത പക്ഷം അവര്‍ക്ക് ഐപിഎലില്‍ കളിക്കാനോ ലേലത്തില്‍ ഉള്‍പ്പെടാനോ അനുവദിക്കില്ല- ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഇഷാന്‍ കിഷനടക്കം രഞ്ജി ട്രോഫിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ തീരുമാനം വരുന്നതെന്നതാണ് ശ്രദ്ധേയം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഇഷാന്‍ കിഷന്‍ ടീമില്‍നിന്നും അവധി ആവശ്യപ്പെട്ടത്. മാനസികമായ സമ്മര്‍ദത്തിലാണെന്നും കുറച്ചുനാള്‍ വിശ്രമം വേണമെന്നുമായിരുന്നു താരത്തിന്റെ ആവശ്യം. ബിസിസിഐ ഇത് അംഗീകരിച്ചതോടെ ഇഷാന്‍ നാട്ടിലേക്കു മടങ്ങി.

വിശ്രമത്തിനു ശേഷം രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ താരത്തോട് പരിശീലകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഷാന്‍ അതിനു തയാറായിരുന്നില്ല.