വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രങ്ങള്‍ രാജ്യത്ത് ഉയരും: അമ്പാട്ടി റായിഡു

ഇന്ത്യയ്ക്കും സിഎസ്‌കെയ്ക്കും വേണ്ടിയുള്ള വര്‍ഷങ്ങളായ പ്രകടനം കണക്കിലെടുത്ത് എംഎസ് ധോണിയുടെ ക്ഷേത്രങ്ങള്‍ ഉയരുമെന്ന് അമ്പാട്ടി റായിഡു. രജനികാന്ത് കുശ്ബു, നയന്‍താര ഉള്‍പ്പെടെയുള്ള ജനപ്രിയ താരങ്ങളുടെ ക്ഷേത്രങ്ങള്‍ ആരാധകര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കും ചെന്നൈ ആരാധകര്‍ക്കും സമ്മാനിച്ച സന്തോഷം കണക്കിലെടുത്ത് ധോണിയെയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റായുഡു പറഞ്ഞു.

അദ്ദേഹം ചെന്നൈയുടെ ദൈവമാണ്. എംഎസ് ധോണിയുടെ ക്ഷേത്രങ്ങള്‍ വരും വര്‍ഷങ്ങളില്‍ ചെന്നൈയില്‍ നിര്‍മ്മിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് ലോകകപ്പുകളുടെ സന്തോഷം ഇന്ത്യയ്ക്ക് കൊണ്ടുവന്ന ഒരാളാണ് അദ്ദേഹം, കൂടാതെ നിരവധി ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊണ്ട് ചെന്നൈയ്ക്കും സന്തോഷം നല്‍കിയിട്ടുണ്ട്.

ടീമിനും രാജ്യത്തിനും സിഎസ്‌കെയ്ക്കും വേണ്ടി എല്ലായ്പ്പോഴും ഒപ്പനുള്ള കളിക്കാരില്‍ വിശ്വാസം പ്രകടിപ്പിക്കുന്ന ഒരാളാണ് അദ്ദേഹം. അവന്‍ ഒരു ഇതിഹാസമാണ്, ആള്‍ക്കൂട്ടത്തില്‍ എല്ലാവരാലും ആഘോഷിക്കപ്പെടുന്ന ഒരാളാണ്. ഇത് ചെന്നൈയിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അവര്‍ കരുതുന്നുണ്ടാകാം- റായിഡു പറഞ്ഞു.

ഇന്നലെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (41 പന്തില്‍ 42*), രചിന്‍ രവീന്ദ്ര (18 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (13 പന്തില്‍ 22) എന്നിവരാണ് ചെന്നൈയ്ക്കു വേണ്ടി പൊരുതിയത്.