സഞ്ജു സാംസണിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ്; ആദ്യ പ്രതികരണം നടത്തി ഹര്‍ഭജന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ പ്രശംസിച്ച് ഹര്‍ഭജന്‍ സിംഗ്. സഞ്ജു സാംസണ്‍, തിലക് വര്‍മ്മ, രജത് പട്ടീദാര്‍, ദീപക് ചാഹര്‍ തുടങ്ങിയ വളര്‍ന്നുവരുന്ന പ്രതിഭകള്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ അവസരങ്ങള്‍ മുതലെടുക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതില്‍ ഹര്‍ഭജന്‍ ആവേശം പ്രകടിപ്പിച്ചു.

ഏകദിനത്തില്‍ സഞ്ജു സാംസണുണ്ട്. നല്ല വാര്‍ത്തയാണ്. സഞ്ജു മിക്കവാറും തഴയപ്പെടുന്നത് മിക്കവാറും ഒരു സംസാരവിഷയമാണ്. സഞ്ജു സാംസണ്‍, തിലക് വര്‍മ്മ, രജത് പാട്ടിദാര്‍ എന്നിവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ദീപക് ചാഹര്‍ തന്റെ തിരിച്ചുവരവ് നടത്തി- ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

12 ഏകദിന ഇന്നിംഗ്സുകളില്‍ 55-ലധികം ശരാശരിയുള്ള സാംസണിനെ പ്രോട്ടീസ് പരമ്പരയ്ക്കായി സൂര്യകുമാര്‍ യാദവിന് പകരമാണ് അവസരം ലഭിച്ചത്. 2023 ലോകകപ്പില്‍ 17.66 എന്ന താഴ്ന്ന ശരാശരിയില്‍ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 106 റണ്‍സ് മാത്രം നേടിയ മോശം പ്രകടനത്തെ തുടര്‍ന്നാണ് സൂര്യകുമാറിന്റെ ഏകദിന പങ്കാളിത്തതിന്റെ കാര്യത്തില്‍ സെലക്ഷന്റെ പുനരാലോചന.

ഇന്ത്യന്‍ ടീമില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സഞ്ജുവിന്റെ അവസാന ഏകദിന പങ്കാളിത്തം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. പിന്നീട് അയര്‍ലണ്ടില്‍ നടന്ന ടി20യിലും താരം ഇടംപിടിച്ചു. എന്നാല്‍ സ്ഥിരതയുള്ള സാന്നിധ്യം ഉണ്ടായിരുന്നിട്ടും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചില്ല.