വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആദ്യ രണ്ട് മത്സരങ്ങള്‍ തന്നെ ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ഏകദിനത്തില്‍ പ്രസിദ്ധ് കൃഷ്ണയുടെ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. മത്സരത്തില്‍ ഒന്‍പത് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇപ്പോഴിതാ തന്റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘കുറച്ച് നാളായി ഇതുപോലൊരു പ്രകടനത്തിനായി ഞാന്‍ ശ്രമം തുടങ്ങിയിട്ട്. ഇന്ന് അത് സംഭവിച്ചു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് മുതല്‍ സ്ഥിരത നിലനിര്‍ത്താനാണ് എന്റെ ശ്രമം. തുടക്കത്തില്‍ ഒരുപാട് ചിന്തകള്‍ എന്റെ ഉള്ളിലുണ്ടായി. എന്നാല്‍ ടീം എന്ന നിലയില്‍ ഒരുമിച്ച് വന്ന് കഴിഞ്ഞപ്പോള്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്നതില്‍ വ്യക്തത വന്നു.’
‘കാര്യങ്ങള്‍ വളരെ ലളിതമാണ്. ഗുഡ് ലെംഗ്ത് ആണ് ലക്ഷ്യം. ബാറ്റ്സ്മാന് ബ്ലോക്ക് ചെയ്യേണ്ടി വരുന്ന ഏരിയയിലേക്ക് പന്തെറിയുക. എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് ശ്രമിച്ചത്. അവര്‍ക്ക് നല്ല തുടക്കം ലഭിക്കുമെന്നതിനാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങല്‍ സംസാരിച്ചിരുന്നു. സമ്മര്‍ദം ചെലുത്തി നിര്‍ത്താന്‍ തീരുമാനിച്ചു.’
‘ജയത്തിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കുമുള്ളതാണ്. ബാറ്റിലേക്ക് പന്ത് നന്നായി എത്തുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ബോള്‍ ചെയ്യുക എന്നത് പ്രയാസമാണ്. ഇവിടേയും നമ്മുടെ ബോളിംഗ് യൂണിറ്റ് മികവ് കാണിച്ചു. രോഹിത്തിന്റെ അകമഴിഞ്ഞ പ്രശംസ ഏറെ സന്തോഷം നല്കുന്നു. ഏറെ അഭിമാനം തോന്നിയ നിമിഷമാണിത്’ പ്രസിദ്ധ് പറഞ്ഞു.
Read more
ഏറെ നാളുകളായി ഇന്ത്യയില്‍ ഇതുപോലൊരു സ്പെല്‍ താന്‍ കണ്ടിട്ടില്ലെന്നാണ് മത്സര ശേഷം രോഹിത് പ്രസിദ്ധിന്റൈ പ്രകടനത്തെ വിലയിരുത്തി പറഞ്ഞത്. കൂടുതല്‍ പേസോടെ, ആ പേസ് നിലനിര്‍ത്തി പന്തെറിയാന്‍ പ്രസിദ്ധിന് കഴിഞ്ഞു എന്നും രോഹിത് പറഞ്ഞു.