അവരെ വെല്ലുവിളിക്കാനുള്ള ആയുധം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ കൈയില്‍ മാത്രമേയുള്ളു: മൈക്കല്‍ വോണ്‍

ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരിക്കാനുള്ള ‘ടൂള്‍സ്’ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മാത്രമേയുള്ളൂവെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. പെര്‍ത്ത് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സും കൂട്ടരും പാകിസ്ഥാനെ 360 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് വോണിന്റെ അഭിപ്രായം. 450 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 30.2 ഓവറില്‍ 89 റണ്‍സിന് പുറത്തായിരുന്നു.

കൃത്യമായിരുന്നു ഓസ്‌ട്രേലിയയുടെ പദ്ധതികളെല്ലാം. എല്ലാ മേഖലകളിലും അവര്‍ മികവ് കാട്ടി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച നേഥന്‍ ലിയോണിന് അഭിനന്ദനങ്ങള്‍. അസാമാന്യ നേട്ടമാണത്. ഓസ്‌ട്രേിലയന്‍ സാഹചര്യങ്ങളില്‍ അവരെ വെല്ലുവിളിക്കാനുള്ള ആയുധം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ കൈയില്‍ മാത്രമേയുള്ളു. അവര്‍ക്കെ അതിന് കഴിയൂ- വോണ്‍ എക്‌സില്‍ കുറിച്ചു.

മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ പിന്നീട് തിരിഞ്ഞുനോക്കിയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ഉസ്മാന്‍ ഖവാജയുടെ 90-ഉം മിച്ചല്‍ മാര്‍ഷിന്റെ 63-ഉം റണ്‍സ് ഓസ്ട്രേലിയയെ അവരുടെ എതിരാളികള്‍ക്ക് കൂറ്റന്‍ ലക്ഷ്യം വച്ചു.

പിന്നീട് പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവരുടെ പേസ് ത്രയം പാകിസ്ഥാന്‍ ബാറ്റിംഗിനെ തകര്‍ത്തു. സ്റ്റാര്‍ക്കും ഹേസില്‍വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കും.