ഒന്നാം ദിനത്തില്‍ ഇന്ത്യ അവനെ ഏറെ മിസ് ചെയ്തു, അവനുണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു; ചൂണ്ടിക്കാണിച്ച് ഗവാസ്കര്‍, ആ താരം ഷമിയല്ല!

സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ അജിങ്ക്യ രഹാനെയെ ഇന്ത്യ ഏറെ മിസ് ചെയ്‌തെന്ന് സുനില്‍ ഗവാസ്‌കര്‍. ആദ്യം ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യക്ക് ഒരു നല്ല ദിവസം ഉണ്ടായില്ല. കെ എല്‍ രാഹുലിന്റെ പ്രകടനം ഒഴിച്ചാല്‍ ബാക്കിയുള്ള ബാറ്റര്‍മാര്‍ക്കും അവരുടെ തുടക്കത്തെ വലിയ ടോട്ടലുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 2017-18 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ജോഹന്നാസ്ബര്‍ഗിലെ തന്ത്രപ്രധാനമായ പിച്ചില്‍ അജിങ്ക്യ രഹാനെയുടെ 48 റണ്‍സിനെ ഗവാസ്‌കര്‍ എടുത്തു കാണിച്ചു.

അഞ്ച് വര്‍ഷം മുമ്പ് ജോഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ പിച്ച് എളുപ്പമായിരുന്നില്ല, ഞാന്‍ അവിടെ ഉണ്ടായിരുന്നു. എന്നിരുന്നാലും, അജിങ്ക്യ രഹാനെ അവസരത്തിനൊത്ത് ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിലവിലെ മത്സരത്തില്‍ ഇന്ത്യയ്ക്ക് എന്താണ് നഷ്ടമായതെന്ന് കാണിച്ചുതന്നു.

ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ഇന്ത്യ തോറ്റിട്ടില്ല. രഹാനെയെപ്പോലൊരാള്‍ ഈ പര്യടനത്തിലും സഹായകമാകുമായിരുന്നു. ഇന്ത്യക്ക് പുറത്ത് അദ്ദേഹം ഒരു ക്ലാസായിരുന്നു. ആദ്യ ദിവസം അദ്ദേഹം അവിടെ ഉണ്ടായിരുന്നെങ്കില്‍, ഇന്ത്യയുടെ കഥ മറ്റൊന്നാകുമായിരുന്നു- ഗവാസ്‌കര്‍ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നു രഹാനെ, 89 ഉം 46 ഉം സ്‌കോര്‍ ചെയ്തിരുന്നു. എന്നിരുന്നാലും, വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് പരാജയ ഇന്നിംഗ്‌സുകള്‍ രേഖപ്പെടുത്തിയതിനാല്‍ അദ്ദേഹത്തെ ടീമില്‍നിന്ന് പുറത്താക്കി.