ഇന്ത്യയെ ബാറ്റിംഗിനയച്ച് ലങ്ക, വാഷിംഗ്ടണ്‍ സുന്ദറിന് അരങ്ങേറ്റം

ശ്രീലങ്കയ്‌ക്കെതിരെ അതീവ നിര്‍ണ്ണായകമായ രണ്ടാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുന്നു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഒരു മാറ്റത്തോടെയാണ് ഇന്ത്യ മത്സരത്തിനു ഇറങ്ങുന്നത്. കുല്‍ദീപിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ എത്തിയിട്ടുണ്ട്. സുന്ദറിന്റെ അരങ്ങേറ്റ മത്സരമാണ്

ആദ്യ മത്സരത്തില്‍ ഇന്ത്യയെ തറപറ്റിച്ച ലങ്ക മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയാണ് വാഷിംഗ്ടണ്‍ സുന്ദറിനു ഇന്ത്യന്‍ ക്യാപ് നല്‍കി ടീമിലേക്ക് സ്വാഗതം ചെയ്തത്.

ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യ ശ്രീലങ്കയോട് ആദ്യ ഏകദിനത്തില്‍ തോറ്റത്. ഇന്ത്യയുടെ 113 എന്ന ചെറിയ വിജയലക്ഷ്യം ലങ്ക അനായാസം മറികടക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പര 1-0ത്തിന് സ്വന്തമാക്കി ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയ്ക്ക് നാണക്കേടായി ഈ വന്‍ തോല്‍വി.

മധ്യനിരയില്‍ വിരാട് കോഹ്‌ലിയുടെ അഭാവമാണ് ഇന്ത്യയുടെ തലവേദന. പകരക്കാരായെത്തിയ ശ്രേയസ് അയ്യരുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിനും മനസ്സിനും ബലക്കുറവായിരുന്നു. ധരംശാലയില്‍ 18 പന്തുകള്‍ നേരിട്ട് പൂജ്യനായി മടങ്ങിയ കാര്‍ത്തിക്കിന്റെ പ്രകടനം മധ്യനിരയെക്കുറിച്ചുള്ള ആശങ്ക കൂട്ടുന്നു. ബാറ്റിങ്ങില്‍ നിറംമങ്ങിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബോളിങ്ങില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയും നിരാശപ്പെടുത്തി.

65 റണ്‍സുമായി ഇളകാതെ നിന്ന എം.എസ്. ധോണി മാത്രമാണ് ആശ്വാസമേകിയത്. മറുഭാഗത്ത് ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസ് ഫോമിലേക്ക് തിരിച്ചെത്തിയത് ലങ്കയുടെ സന്തോഷം ഇരട്ടിപ്പിച്ചു. ലക്മലിനൊപ്പം നുവാന്‍ പ്രദീപും മികച്ച ഫോമിലാണ്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡേ, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ശ്രീലങ്ക: ധനുഷ്‌ക ഗുണതിലക, ഉപുല്‍ തരംഗ, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്ക്വെല്ല, അസേല ഗുണരത്‌നേ, തിസാര പെരേര, സചിത് പതിരന, സുരംഗ ലക്മല്‍, അകില ധനന്‍ജയ, നുവാന്‍ പ്രദീപ്