ധോണി സ്റ്റൈലിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സൂപ്പർ താരം, മടങ്ങുന്നത് മധ്യനിരയിലെയും ഫിനിഷിങ്ങിലെയും വിശ്വസ്തൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം കേദാർ ജാദവ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇനി ക്രിക്കറ്റ് കളത്തിൽ താൻ ഉണ്ടാകില്ലെന്ന വാർത്ത കേദാർ പങ്കുവെക്കുക ആയിരുന്നു. ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റൈലിലാണ് താരവും വിരമിക്കൽ അപ്ഡേറ്റ് നൽകിയത്

“ആയിരത്തി അഞ്ഞൂറ് മണിക്കൂർ നീണ്ട കരിയറിലുടനീളം നിങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുന്നു .” കിഷോർ കുമാറിന്റെ ഗാനത്തിന്റെ അകമ്പടിയിലാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യൻ ജേഴ്സിയിൽ ഉള്ള ചിത്രവും പോസ്റ്റിൽ ഉണ്ടായിരുന്നു.

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് തങ്ങൾക്ക് വിശ്വസിക്കാവുന്ന മധ്യനിര ബാറ്റർ എന്ന നിലയിലും ഫിനിഷർ എന്ന നിലയിലും താരം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള കേദാർ ജാദവ് 2019ലെ ഏകദിന ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിന്റെ ഭാഗവും ആയിരുന്നു.

കേദാർ ജാദവിൻ്റെ കരിയർ 2014 നും 2020 നും ഇടയിൽ ഉള്ള നാളുകളിൽ ആയിരുന്നു. 42.09 ശരാശരിയിലും 101.06 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും ആറ് അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 1389 ഏകദിന റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. പാർട്ട് ടൈം സ്പിൻ ബൗളിംഗിലൂടെ ഏകദിനത്തിൽ 27 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ടി 20 യിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു ഫിഫ്റ്റിയുടെ സഹായത്തോടെ 122 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 39-കാരനായ താരത്തിന്റെ കരിയർ ധോണിയുടെ നേതൃത്വത്തിൽ അഭിവൃദ്ധിപ്പെട്ടു എന്ന് പറയാം.

ഐപിഎല്ലിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനടക്കം വിവിധ ടീമുകളിലായി 95 മത്സരങ്ങൾ കളിച്ച കേദാർ ജാദവ് 1208 റൺസടിച്ചിട്ടുണ്ട്.