തുടർച്ചയായ മൂന്നാം ടെസ്റ്റിലും വിജയം; വനിതാ ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ടെസ്റ്റ് വിജയ പാരമ്പരക്കൊപ്പം ഇന്ത്യൻ വനിതാ ടീം

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മാച്ചിൽ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ശക്തമായ ആധിപത്യം കളിയിൽ ഉടനീളം നിലനിർത്തി കൊണ്ടാണ് ഇന്ത്യ ആധികാരിക വിജയം നേടുന്നത്. ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്ക അവസാന ഇന്നിങ്സിൽ 37 റൺസ് വിജയലക്ഷ്യമുയർത്തിയപ്പോൾ ഇന്ത്യ പത്ത് വിക്കറ്റ് ബാക്കി നിർത്തി വിജയിക്കുകയായിരുന്നു. 9 ഓവറിൽ തന്നെ ഇന്ത്യ വിജയിച്ചു കളി പൂർത്തിയാക്കി. സ്നേഹ് റാണയുടെ പത്ത് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചത്. തുടർച്ചയായ മൂന്നാം ടെസ്റ്റിലും വിജയിച്ച ഇന്ത്യ, വനിതാ ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ടെസ്റ്റ് വിജയ പാരമ്പരക്കൊപ്പമെത്തി.

ഷഫാലി വര്‍മയുടെയും (197 പന്തില്‍ 205 റണ്‍സ്) സ്മൃതി മന്ദാനയുടെയും (161 പന്തില്‍ 149) കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റൺസ് നേടി. 115.1 ഓവറിലാണ് ഇന്ത്യക്ക് ഇത്രയും ഭീമമായ റൺസ് സ്കോർ ചെയ്യാൻ സാധിച്ചത്. സൗത്ത് ആഫ്രിക്കക്കായി ഡെൽമി ടക്കാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.