ഇന്ത്യയുടെ തോൽവിക്ക് കാരണം അവന്റെ ഓവർ കോൺഫിഡൻസ്, ബുദ്ധി പ്രയോഗിക്കാൻ അറിയില്ല; തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാൾഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവിനെതിരെ തുറന്നടിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക്. സൂര്യ കുമാർ കുറച്ച് ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ മത്സരം കൈവിട്ട പോകില്ലായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ദിനേശ് കാർത്തിക്ക് പറയുന്നത് ഇങ്ങനെ:

“ഈ മല്‍സരത്തില്‍ 13-14 ഓവര്‍ വരെ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നുവെന്നു ഞാന്‍ കരുതുന്നു. പക്ഷെ അതിനു ശേഷം ഒരു ട്രിക്ക് അദ്ദേഹം മിസ്സ് ചെയ്തുവെന്നു തോന്നുന്നു. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 15ാം ഓവറാണ് കളിയിലെ ടേണിങ് പോയിന്റ്. ഈ ഓവര്‍ അക്ഷര്‍ പട്ടേലിനായിരുന്നു സൂര്യ നല്‍കിയേണ്ടിയിരുന്നത്. തൊട്ടുമുമ്പത്തെ ഓവര്‍ പന്തെറിഞ്ഞത് രവി ബിഷ്‌നോയ് ആയിരുന്നു. 15ാം ഓവറില്‍ ഹാര്‍ദിക്കിനു പകരം അക്ഷറിനെക്കൊണ്ട് സൂര്യ ബൗള്‍ ചെയ്യിക്കണമായിരുന്നു. ഈ ഓവറില്‍ അക്ഷര്‍ ഒന്നോ, രണ്ടോ സിക്‌സറുകള്‍ വഴങ്ങിയാലും കുഴപ്പമില്ല. ബിഷ്‌നോയിയുടെ അടുത്ത ഓവറില്‍ വിക്കറ്റ് സാധ്യതയുണ്ട്”

ദിനേശ് കാർത്തിക്ക് തുടർന്നു:

“അതുകൊണ്ടു തന്നെ തീര്‍ച്ചയായും അക്ഷറിനെ സൂര്യക്കു തിരികെ വിളിക്കാമായിരുന്നു. ഈ കളിയില്‍ ഇന്ത്യക്കു ജയിക്കാനുള്ള ഒരേയൊരു വഴി സൗത്താഫ്രിക്കയെ ഓള്‍ഔട്ടാക്കുക എന്നതായിരുന്നു. സൗത്താഫ്രിക്കയ്ക്കായി അപ്പോള്‍ ക്രീസിലുണ്ടായിരുന്നത് രണ്ടു വലംകൈയന്‍ ബാറ്റര്‍മാരായിരുന്നു എന്നതു കൂടി പരിഗണിച്ച് അക്ഷറിനെ സൂര്യ പിന്തുണയ്‌ക്കേണ്ടത് ആവശ്യമായിരുന്നു. സാധാരണയായി സൗത്താഫ്രിക്കന്‍ താരങ്ങള്‍ സ്പിന്‍ ബൗളിങിനേക്കാള്‍ നന്നായി ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നവരുമാണ്. ഹാര്‍ദിക്കിനു പകരം ആ ഓവറില്‍ അക്ഷര്‍ ബൗള്‍ ചെയ്യുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്തിരുന്നെങ്കില്‍ കളി മാറിയേനെ” ദിനേശ് കാർത്തിക്ക് പറഞ്ഞു.