ഐ.പി.എല്ലില്‍ ഒരിക്കല്‍ കൂടി ജസ്പ്രീത് ബുംറ കൊടുങ്കാറ്റായപ്പോള്‍ കൂടെ പോന്നത് ഒരു റെക്കോഡും. ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബോളറെന്ന നേട്ടമാണ് ബുംറയെ തേടിയെത്തിയത്. 2017 സീസണില്‍ 26 വിക്കറ്റുകള്‍ വീഴ്ത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ മറികടന്നത്.
ഇന്നലെ ഡല്‍ഹിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഇതോടെ ഈ സീസണില്‍ രണ്ടു തവണ നാലു വിക്കറ്റ് നേട്ടം ബുംറ സ്വന്തമാക്കി. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ബുംറ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഡല്‍ഹിയ്‌ക്കെതിരെ നാല് വിക്കറ്റ് പ്രകടനത്തോടെ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ബുംറയുടെ വിക്കറ്റ് നേട്ടം 27 ആയി. ഇതോടെ ഡല്‍ഹിയുടേ തന്നെ കഗിസോ റബാഡയെ (25 വിക്കറ്റ്) മറികടന്ന് പര്‍പ്പിള്‍ ക്യാപ്പ് ബുംറ സ്വന്തമാക്കുകയും ചെയ്തു.
Read more
ഇന്നലെ നടന്ന ആദ്യ ക്വാളിഫൈയര്‍ മത്സരത്തില്‍ 57 റണ്‍സിനാണ് മുംബൈ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. 201 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ 143 അവസാനിച്ചു. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ബോള്‍ട്ട് രണ്ട് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം ഒന്‍പത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും, ക്രുണാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.