ഐ.പി.എല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ചില വിദേശ കളിക്കാര്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നിരുനാലും കളിക്കാരെ എത്തിക്കാന്‍ സാധിക്കുന്നതൊക്കെ ചെയ്യുമെന്നും എന്തൊക്കെ സംഭവിച്ചാലും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്നും ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
“വിദേശ കളിക്കാരുടെ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു. ഐ.പി.എല്ലിന്റെ ഈ പതിപ്പ് പൂര്‍ത്തിയാക്കുന്നതിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. അത് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പാടില്ല. അതിനാല്‍ വിദേശ താരങ്ങളെ ലഭിച്ചില്ലെങ്കിലും ടൂര്‍ണമെന്റ് നടത്തും.”
“ഇന്ത്യന്‍ കളിക്കാര്‍ ഉണ്ട്, വിദേശ കളിക്കാര്‍ ഉണ്ട്. എന്നാല്‍ കുറച്ച് വിദേശ കളിക്കാരെ ലഭ്യമാകില്ല. ഞാന്‍ പറഞ്ഞതുപോലെ, ഞങ്ങള്‍ക്ക് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കണം. അതിനാല്‍ ഫ്രാഞ്ചൈസികള്‍ തീര്‍ച്ചയായും പകരം മറ്റ് കളിക്കാരെ അന്വേഷിക്കും. ആരെയെങ്കിലും ലഭ്യമായാല്‍, ഞങ്ങള്‍ അവരെ വെച്ച് ടൂര്‍ണമെന്റ് നടത്തും. അതാണ് ഞങ്ങളുടെ നയം” രാജീവ് ശുക്ല പറഞ്ഞു.
Read more
ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്താനാണ് പദ്ധതി. 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.