Suresh Varieth
ഗ്രീക്ക് പുരാണങ്ങളിലെ ഫീനിക്‌സ് പക്ഷിയെ അറിയില്ലേ? ഒരിക്കലും മരണമില്ലാത്തതെന്നും കാലാകാലങ്ങളായി പുനര്‍ജീവന്‍ നേടുന്നതെന്നും പറയപ്പെടുന്ന ഗ്രീക്കുകാരുടെ ദൈവം. സൂര്യതേജസ്സോടെ സ്വന്തം ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കഥ ചിലര്‍ പറയുമ്പോള്‍, മുന്‍ഗാമിയുടെ ചാരത്തില്‍ നിന്ന് പറന്നുയരുന്ന കഥയാണ് മറ്റു ചിലര്‍ക്ക് പറയാനുള്ളത്.
ചാരമായെന്ന് കരുതി ചികയാന്‍ നോക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇളമുറക്കാരന്‍ ശിവം മാവി എറിഞ്ഞ ബീമര്‍ ഉയരത്തിലുള്ള പന്ത് മഹേന്ദ്ര സിംഗ് ധോണിയെന്ന ഫീനിക്‌സ് പക്ഷിയുടെ ബാറ്റിന്റെ എഡ്ജിനെ സ്പര്‍ശിച്ച് പറന്നകന്നത് തേഡ് മാന്‍ പൊസിഷനു മുകളിലൂടെ കാണികള്‍ക്കിടയിലേക്കായിരുന്നു.
ചെന്നൈയുടെ പ്രിയപ്പെട്ട തല എന്നും അങ്ങനെത്തന്നെയാണ്. ഇന്ത്യന്‍ ടീമിനു വേണ്ടിയായാലും IPL ഫ്രാഞ്ചൈസിക്കു വേണ്ടിയായാലും വിക്കറ്റിനു മുന്നിലും പിന്നിലും അയാള്‍ ഉയര്‍ത്തെഴുന്നേറ്റു വന്ന് ടീമിനെ കൈ പിടിച്ചുയര്‍ത്തുന്നത് ക്രിക്കറ്റ് ലോകത്ത് ഒരു സാധാരണ കാഴ്ചയാണ്. പതിനൊന്നാം ഓവറില്‍ 61/5 എന്ന നിലയില്‍ തകരുന്ന ടീമിന്റെ അവസാന പ്രതീക്ഷയായി അയാള്‍ നടന്നടുക്കുമ്പോള്‍ കടുത്ത CSK ആരാധകര്‍ പോലും പുതിയ ക്യാപ്റ്റനോടൊത്ത് ഒരു 70 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ്, അതും 38 പന്തില്‍ 50 റണ്‍സ് ആ ബാറ്റില്‍ നിന്ന് പിറക്കുമെന്ന് കരുതിക്കാണില്ല.
പതിനഞ്ചാം IPL ല്‍ ആദ്യ മത്സരത്തിനിറങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ക്യാപ്റ്റന്‍സി തന്റെ വിശ്വസ്തന് കൈമാറി, ഇതു തന്റെ അവസാന സീസണായിരിക്കുമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണയാള്‍.
ധോണിക്കിപ്പോള്‍ കടലാസിലെങ്കിലും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദങ്ങളില്ല. തന്റെ കരിയറിന്റെ അവസാനത്തില്‍ സ്വതന്ത്രനായി നില്‍ക്കുന്ന ധോണിയെ ഈ IPL ല്‍ മറ്റു ടീമുകള്‍ പൂര്‍വാധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും അന്ത്യമില്ലാത്ത ആ ഫീനിക്‌സ് പക്ഷി സൂര്യതേജസ്സോടെ ഉയര്‍ത്തെഴുന്നേറ്റു കൊണ്ടേയിരിക്കും.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍