ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ലേലത്തില്‍ 405 താരങ്ങളാണ് ആകെ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് 87 താരങ്ങളെ മാത്രമാണ് ടീമുകള്‍ക്കാവശ്യം. ടൈ ബ്രേക്ക് നിയമമാണ് ഇത്തവണത്തെ ലേലത്തില്‍ ബിസിസിഐ തിരികെ കൊണ്ടുവന്നിട്ടുണ്ട്.
ലേലത്തില്‍ രണ്ട് ഫ്രാഞ്ചൈസികള്‍ ഒരേ തുക താരത്തിന് നല്‍കാന്‍ തയ്യാറാവുന്ന സാഹചര്യത്തിലാണ് ടൈ ബ്രേക്കര്‍ നിയമം ഉപയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അവസാനം ലഭിച്ച ഉയര്‍ന്ന തുകയില്‍ താരം വിറ്റുപോയെന്നാവും ലേലം നടത്തുന്നയാള്‍ പ്രഖ്യാപിക്കുക. എന്നാല്‍ ഒരേ തുക താരങ്ങള്‍ക്ക് നല്‍കാന്‍ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ തയ്യാറാവുന്നതോടെ ടൈ ബ്രേക്ക് നിയമം ഉപയോഗിച്ചാവും ഏത് ഫ്രാഞ്ചൈസിയിലേക്കാണ് താരം പോകുന്നതെന്ന് തീരുമാനിക്കുക.
താരത്തിനായി അവസാനമായി ഒരേ ഉയര്‍ന്ന തുക നല്‍കാന്‍ തീരുമാനിച്ച ഫ്രാഞ്ചൈസികള്‍ക്ക് ബിസിസി ഐയുടെ ഒരു ഫോം നല്‍കും. ഇതില്‍ അധികമായി ഫ്രാഞ്ചൈസികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തുക രേഖപ്പെടുത്തണം.
ടൈ ബ്രേക്കറില്‍ നല്‍കുന്ന ഫോമില്‍ അധികമായി ഉയര്‍ന്ന തുക രേഖപ്പെടുത്തുന്ന ഫ്രാഞ്ചൈസിയാവും താരത്തെ സ്വന്തമാക്കുക. അധികമായി രേഖപ്പെടുത്തുന്ന തുകയ്ക്ക് പരിധിയില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ തുക അധികമായി ആര് രേഖപ്പെടുത്തുന്നുവോ അവര്‍ക്കാവും ഈ താരത്തെ സ്വന്തമാക്കാനാവുക.
Read more
ഇത്തവണ മിനി താരലേലമായതിനാല്‍ മിക്ക ടീമുകളുടെയും പേഴ്സിലുള്ള തുക വളരെ കുറവാണ്. അതുകൊണ്ടാണ് ടൈ ബ്രേക്ക് നിയമം തിരികെ കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്.