ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ ബാഗ്ലൂരിന് 24 റണ്‍സ് വിജയം. ബാംഗൂര്‍ മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 18.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബ് നിരയില്‍ നാശം വിതച്ചത്.
ഓപ്പണര്‍ പ്രഭ്സിമ്രന്‍ സിംഗ് ടീമിന്റെ ടോപ്സ്‌കോററായി മാറി. 30 ബോളുകള്‍ നേരിട്ട താരം നാലു സിക്സും മൂന്നു ഫോറും സഹിതം 46 റണ്‍സു നേടി. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റ് പിഴുത് പഞ്ചാബിനെ ആര്‍സിബി മൂക്കുകയറിട്ടിരുന്നു. എന്നാല്‍ വാലറ്റത്ത് ജിതേഷ് ശര്‍മയുടെ (41) പ്രകടനം പഞ്ചാബിനു വിജയപ്രതീക്ഷ നല്‍കിയിരുന്നു. പക്ഷെ ജിതേഷ് പുറത്തായതോടെ അത് അസ്തമിക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് കോഹ്‌ലിയും ഡുപ്ലെസ്സിയും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 137 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും അര്‍ദ്ധ സെഞ്ച്വറി നേടി.
Read more
കോഹ് ലി 47 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 59 നേടിയപ്പോള്‍ ഡുപ്ലെസി 56 പന്തില്‍ നിന്ന് അഞ്ച് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 84 റണ്‍സുമെടുത്തു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.