ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ വനിന്ദു ഹസരംഗ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു. ഏപ്രില്‍ എട്ടിന് അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയുടെ ഭാഗമായതിനാല്‍ ആര്‍സിബിയുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ ഹസരംഗയ്ക്ക് നഷ്ടമായിരുന്നു. ഈ പരമ്പര പൂര്‍ത്തിയായതിന് പിന്നാലെയാണ് താരം ഇന്ത്യയിലെത്തി ടീമിനൊപ്പം ചേര്‍ന്നത്.
ആര്‍സിബിയ്‌ക്കൊപ്പം ചേരുന്നതിനായി താന്‍ കാത്തിരിക്കുകയായിരുന്നെന്ന് താരം പറഞ്ഞു. താരങ്ങളെ വീണ്ടും കാണാനും അവര്‍ക്കൊപ്പം പരിശീലിപ്പിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബാംഗ്ലൂരിലെ വിക്കറ്റുകളുമായി പൊരുത്തപ്പെട്ടു എന്നും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറായി കഴിഞ്ഞെന്നും ഹസരംഗ പറഞ്ഞു.
Wizard Wani is ready to work his magic at the Chinnaswamy! 🤩 #PlayBold #ನಮ್ಮRCB #IPL2023 @Wanindu49 pic.twitter.com/FIINN5LaKh
— Royal Challengers Bangalore (@RCBTweets) April 12, 2023
കഴിഞ്ഞ സീസണില്‍ തന്റെ ആര്‍സിബിക്ക് വേണ്ടി സ്പിന്നര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 16 കളികളില്‍ നിന്ന് 7.54 എന്ന എക്കോണമി റേറ്റില്‍ താരം 26 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐപിഎല്‍ 2022 ലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനും ഹസരംഗയായിരുന്നു.
അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പര്യടനത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ഹസരംഗയ്ക്ക് നേടാനായത്. എന്നിരുന്നാലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ താരത്തിന് തിളങ്ങാനാകുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.