എന്ത് ചോദിച്ചാലും 'എനിക്കറിയില്ല' പോലും, അത് തന്നെയാണ് പ്രശ്‌നവും; സഞ്ജുവിനെ ക്രൂശിച്ച് ചോപ്ര

ഐപിഎലില്‍ നിര്‍ണായക മത്സരത്തില്‍ ആര്‍സിബിയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിമര്‍ശനവുമായി ആകാശ് ചോപ്ര. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ രാജസ്ഥാന്‍ ഇത്തരമൊരു ഗെയിം കളിച്ചത് മനസിലാകുന്നില്ലെന്നും നായകനെന്ന നിലയില്‍ സഞ്ജുവിന്റെ മനോഭാവം തീര്‍ത്തു പരാജയമാണെന്നും ചോപ്ര പറഞ്ഞു.

പവര്‍പ്ലേയില്‍ നിങ്ങള്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. അതിനുശേഷം എന്താണ് ബാക്കിയുള്ളത്. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. കാരണം 112 റണ്‍സിന്റെ വ്യത്യാസം, അത് നിങ്ങളുടെ നെറ്റ് റണ്‍ റേറ്റിന് വലിയ തിരിച്ചടി നല്‍കി. അതും ടൂര്‍ണമെന്റിന്റെ ഈ ഘട്ടത്തില്‍.

ജോസ് ബട്ട്ലറും യശസ്വി ജയ്സ്വാളും സഞ്ജു സാംസണും റണ്‍സ് സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ബാക്കിയുള്ളവര്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നില്ല. ഇത്തവണ അവര്‍ മൂവരുടെയും ഗ്രാന്‍ഡ് ടോട്ടല്‍ നാല് റണ്‍സായിരുന്നു – പൂജ്യം, പൂജ്യം, സഞ്ജുവിന്റെ നാല് റണ്‍സ്.

യശസ്വി ഒരു വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ചു പുറത്തായി. ജോസ് ബട്ട്ലര്‍ കവറിലേക്ക് ഷോട്ടിന് ശ്രമിച്ച് പിടികൂടപ്പെട്ടു. എന്നാല്‍ സഞ്ജുവിന്റെ ഷോട്ട് എനിക്ക് മനസ്സിലായില്ല. അഞ്ച്- ആറ് ചോദ്യങ്ങള്‍ മല്‍സരശേഷം സഞ്ജു സാംസണിനോടു ചോദിച്ചു. എനിക്കറിയില്ല, എനിക്കറിയില്ല എന്നാണ് അദ്ദേഹം ഓരോ തവണയും പറഞ്ഞത്. നിങ്ങള്‍ക്കു അറിയില്ല, അതു തന്നെയാണ് പ്രശ്നം- ചോപ്ര പറഞ്ഞു.