IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

രാമായണത്തിലെ ബാലിയെ കുറിച്ച് കേട്ടിട്ടുണ്ടോ? തന്നെ നേരിടാന്‍ വരുന്ന എതിരാളികളുടെയെല്ലാം പകുതി ബലം ലഭിക്കുമെന്ന വരം ലഭിച്ചിട്ടുള്ളതിനാല്‍, കൈക്കരുത്ത് കൊണ്ടു തന്നോട് മല്ലിടാന്‍ വരുന്നവരെയെല്ലാം വാരി നിലത്തടിച്ചു വെന്നി കൊടി പാറിച്ചു കൊണ്ടിരുന്നൊരാള്‍.. ഒടുവില്‍, അയാളോട് നേരിട്ട് യുദ്ധം ചെയ്താല്‍ ജയിക്കുവാനാകില്ലെന്നുറപ്പിച്ചു കൊണ്ടു കണി കൊന്നയുടെ പിറകില്‍ മറഞ്ഞു നിന്ന് ഭഗവാന്‍ ശ്രീരാമന്‍ അമ്പെയ്തു വധിച്ച ബാലിയെന്ന ധീരന്റെ കഥ.

യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍ ക്രീസില്‍ തന്റെ ബാറ്റുമായി നില്കുകയാണ്. ബാലി അസുര രാജാവായ രാവണനെയും, വാനര രാജാവായ സുഗ്രീവനെയും തറ പറ്റിച്ച പോലെ ആ ബാറ്റര്‍… ഡല്‍ഹിയുടെ ബൗളിംഗ് രാജാക്കന്മാരായ കുല്‍ദീപിനെയും ഇഷാന്തിനെയും, മുകേഷിനെയും, രാസിഖിനെയും, ഖലീലിനെയുമെല്ലാം തന്റെ അപാരമായ കൈക്കരുത്തിനാല്‍ എടുത്തിട്ട് അലക്കുകയാണ്.

ഒടുവില്‍ മുകേഷ് കുമാറിന്റെ ഓഫ് സ്റ്റമ്പിന് വെളിയില്‍ വന്നൊരു സ്ലോ ബോളിനെ സിക്‌സറിനു പറത്താനുള്ള ശ്രമത്തിനിടെ , ബൗണ്ടറി ലൈനിനോട് ചേര്‍ന്നു ഫീല്‍ഡര്‍ ഹോപ്പ് പന്ത് കയ്യിലൊതുക്കവേ അയാളുടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടുണ്ടോ എന്ന് പോലും ശ്രദ്ധിക്കാതെ ഔട്ട് വിധിച്ച തേര്‍ഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തില്‍ പുറത്തായി അയാള്‍ പതിയെ പിന്തിരിഞ്ഞു നടക്കുമ്പോള്‍.. മനസ്സില്‍ പിന്നെയും ബാലിയും,…

ഒളിച്ചിരുന്നു തന്റെ നെഞ്ചിനു നേരെ വില്ലു കുലച്ച ശ്രീരാമനെ നോക്കി അയാള്‍ പറഞ്ഞ ‘അല്ലയോ അയോദ്ധ്യ രാജാവേ നിങ്ങള്‍ക്കെന്നെ നേരിട്ട് യുദ്ധം ചെയ്തു വധിക്കാമായിരുന്നു ഇങ്ങനെയുള്ള ഒളിമുറകളൊക്കെ ഭവാന് ഭൂഷണമാണോ ? നിങ്ങളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിപോയി ഇതു ‘ എന്നാ അയാളുടെ വാക്കുകളും നിറയുകയാണ്..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍