IPL 2024: 'അവരെ നിങ്ങള്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍..'; രണ്ടാം തോല്‍വിയ്ക്ക് പിന്നാലെ ആര്‍സിബിയെ കുത്തിനോവിച്ച് ഹര്‍ഭജന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ല്‍ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റിന് ആര്‍സിബിയെ പരാജയപ്പെടുത്തി. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ ആശങ്ക ഉയര്‍ത്തിക്കാട്ടി.

എവിടെ ബോളര്‍മാര്‍? ഐപിഎല്‍ 2024-ല്‍ അവര്‍ക്ക് നല്ല ബോളര്‍മാരില്ല. എന്നെ സംബന്ധിച്ചിടത്തോളം അലരുടെ ബോളിംഗ് ആശങ്കാജനകമായ ഒരു മേഖലയാണ്. യുസ്വേന്ദ്ര ചാഹലിനോട് അവര്‍ എന്താണ് ചെയ്തത്? അവരുടെ ഏറ്റവും മികച്ച ബോളറായിരുന്നെങ്കിലും നിലനിര്‍ത്തിയില്ല. കളിയിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അദ്ദേഹം.

അവര്‍ക്കും വനിന്ദു ഹസരംഗ ഉണ്ടായിരുന്നു, പക്ഷേ അവനെയും കൈവിട്ടു. വലിയ താരങ്ങളെ കൈവിട്ടിട്ട് നിങ്ങള്‍ക്ക് മത്സരങ്ങള്‍ ജയിക്കാനാവില്ല. മുഹമ്മദ് സിറാജ് ഒഴികെ ടീമിനായി മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്ന ഒരു ബോളറെയും ഞാന്‍ കണ്ടില്ല. സിറാജ് പോലും ഫോമിനായി പാടുപെടുകയാണ്. കെകെആറിനെതിരായ മത്സരത്തില്‍ നിന്ന് അവര്‍ കര്‍ണ്‍ ശര്‍മ്മയ്ക്ക് വിശ്രമം നല്‍കി.

ഇതുമാത്രമല്ല അവര്‍ കളിക്കാരെ പിന്തുണയ്ക്കുന്നില്ല. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മത്സരങ്ങള്‍ വിജയിപ്പിക്കുന്ന ശിവം ദുബെയുടെ മികച്ച പ്രകടനം ആര്‍സിബിക്ക് നേടാനായില്ല. 2023-ല്‍ കിരീടം നേടിയ സീസണില്‍ സിഎസ്‌കെയുടെ സ്റ്റാര്‍ പെര്‍ഫോമറായിരുന്നു അദ്ദേഹം. ശിവം ആര്‍സിബിക്ക് വേണ്ടി കളിച്ചപ്പോള്‍ പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടു. യഥാര്‍ത്ഥത്തില്‍, കളിക്കാര്‍ക്ക് സിഎസ്‌കെയില്‍ പിന്തുണ ലഭിക്കുന്നു, എന്നാല്‍ ആര്‍സിബിയില്‍ സ്ഥിതി വ്യത്യസ്തമാണ്. അഞ്ചോ ആറോ സ്ലോട്ടില്‍ നിങ്ങള്‍ ദുബെയെ ബാറ്റ് ചെയ്യാന്‍ അയച്ചാല്‍ അവന്‍ പരാജയപ്പെടും- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.