ഐപിഎലില്‍ തുടര്‍ച്ചയായ വിജയങ്ങളുമായി പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിച്ച് ഗംഭീര തിരിച്ചുവരവാണ് ബെംഗളൂരു നടത്തിയിരിക്കുന്നത്. ഇന്നലെ ധരംശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ 60 റണ്‍സിന്റെ നിര്‍ണായക വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇപ്പോഴിതാ ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിരാട് കോഹ്‌ലി.
സത്യസന്ധമായി പറഞ്ഞാല്‍ ടൂര്‍ണമെന്റിന്റെ ആദ്യപകുതിയില്‍ ഞങ്ങള്‍ കാഴ്ച വെച്ചത് മികച്ച പ്രകടനമല്ലായിരുന്നു . എന്നാല്‍ പോയിന്റ് ടേബിളിലേക്ക് നോക്കുന്നതിന് പകരം ആത്മാഭിമാനത്തിന് വേണ്ടി കളിക്കണമെന്ന ഒരു ഘട്ടത്തിലേക്ക് ഞങ്ങള്‍ എത്തി. ആരാധകര്‍ക്കും ഞങ്ങള്‍ക്കും അഭിമാനമാകണമെങ്കില്‍ സ്വന്തം നില മെച്ചപ്പെടുത്തേണ്ടതുണ്ട്.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ഡ്രെസിങ് റൂമില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇനി രണ്ട് മത്സരങ്ങള്‍ വിജയിച്ചാലും ഞങ്ങള്‍ക്ക് പ്ലേ ഓഫ് യോഗ്യത നേടണമെന്നുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ അനുകൂലമായി വരേണ്ടതുണ്ട്. കോടിക്കണക്കിന് വരുന്ന ഞങ്ങളുടെ ആരാധകരെ ഇനിയും നിരാശരാക്കാന്‍ കഴിയില്ല- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. കോഹ്‌ലി 42 ബോളില്‍ 92 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 181 റണ്‍സിന് എല്ലാവരും പുറത്തായി. തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.