ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

ഐപിഎല്ലിന്റെ വരുന്ന സീസണില്‍ തന്റെ ടീമില്‍ സംഭവിക്കാന്‍ പോകുന്ന വലിയൊരു മാറ്റം വെളിപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. താനും ധ്രുവ് ജുറേലും അടുത്ത സീസണില്‍ വിക്കറ്റ് കീപ്പിംഗ് റോള്‍ പങ്കുവയ്ക്കുമെന്നാണ് സഞ്ജു ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. എബി ഡിവില്ലിയേഴ്‌സുമായുള്ള അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം തുറന്നുപറഞ്ഞത്.

സത്യസന്ധമയി പറഞ്ഞാല്‍ ഞാന്‍ ഇതേക്കുറിച്ച് മുമ്പൊരിക്കലും പരസ്യമായി തുറന്നു പറഞ്ഞിട്ടില്ല. ധ്രുവ് ജുറേല്‍ ഇപ്പോള്‍ കരിയറിന്റെ ഏതു ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നതെന്നു നമുക്കറിയാം. അവന്‍ ഇപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ഐപിഎല്ലിലും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ജുറേല്‍ വിക്കറ്റ് കാക്കുകയും വേണം. ഞങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചയും നടത്തിയിരുന്നു.

ഞാനും ധ്രുവും അടുത്ത സീസണില്‍ വിക്കറ്റ് കീപ്പിംഗ് റോള്‍ പങ്കുവയ്ക്കും. ഞാന്‍ മാത്രമല്ല, അവനും റോയല്‍സിനു വേണ്ടി വിക്കറ്റ് കാക്കാനെത്തും. ഒരു ഫീല്‍ഡറായി ഞാന്‍ ടീമിനെ അധികം നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതു ചിലപ്പോള്‍ വെല്ലുവിളി ആയേക്കുമെന്നും ഞാന്‍ കരുതുന്നു.

ധ്രുവിനോടു ഞാന്‍ വിക്കറ്റ് കീപ്പിംഗിനെക്കുറിച്ച് സംസാരിച്ചിരുന്നു. നീ എവിടെ നിന്നാണ് ടീമിലേക്കു വരുന്നതെന്നും ഒരു ലീഡറെന്ന നിലയില്‍ നിന്നെക്കുറിച്ച്് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നും അവനോടു പറഞ്ഞിരുന്നു. രാജസ്ഥാന്‍ റോയല്‍സിനായി കുറച്ചു മത്സരങ്ങളില്‍ നീയും വിക്കറ്റ് കാക്കണമെന്നും എനിക്കു തോന്നുന്നതായും ധ്രുവിനോടു പറഞ്ഞു.

ഈ രീതിയില്‍ വിക്കറ്റ് കീപ്പിംഗ് പങ്കു വച്ച് എങ്ങനെ മുന്നോട്ടു പോവാന്‍ കഴിയുമെന്നു നമുക്കു നോക്കാം. ഇതു ടീമിനെ ബാധിക്കാന്‍ പാടില്ല, ടീം തന്നെയാണ് ഫസ്റ്റ്. എങ്കിലും വ്യക്തികള്‍ക്കും പ്രാധാന്യം നല്‍കണമെന്നു കരുതുന്നു- സഞ്ജു വെളിപ്പെടുത്തി.