IPL 2025: ഞെട്ടിക്കാനൊരുങ്ങി കിംഗ് ഖാനും സംഘവും, രണ്ട് സൂപ്പർ താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്ക്; നിലനിർത്തുന്നത് നാല് പേരെ മാത്രം

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് 4 കളിക്കാരെ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തീരുമാനിച്ചു. കഴിഞ്ഞ സീസണിലെ ജേതാക്കളായ ടീം ആന്ദ്രെ റസ്സലിനെ നിലനിർത്താൻ യാതൊരു സാധ്യതയും ഇല്ലെന്നും നായകൻ ശ്രേയസ് അയ്യരുടെ കാര്യത്തിലും യാതൊരു ഉറപ്പും ഇല്ലെന്നുമാണ് ഏറ്റവും പുതിയ വാർത്ത.

സുനിൽ നരെയ്‌നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായി നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തോടൊപ്പം റിങ്കു സിംഗ്, വരുൺ ചക്രവർത്തി എന്നിവരെ ടീമിന്റെ രണ്ടും മൂന്നും നിലനിർത്തലായി ടീമിൽ ഒപ്പം കൂട്ടും. ഈ കാലയളവിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചവരാണ് ഈ മൂന്ന് താരങ്ങളും.

കഴിഞ്ഞ പതിറ്റാണ്ടിൽ ടീമിൻ്റെ ഏറ്റവും വലിയ നട്ടെല്ലാണ് സുനിൽ നരെയ്ൻ. ടീമിനായി തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുന്നതിനൊപ്പം റൺസ് നേടുകയും ചെയ്തു. ഐപിഎൽ 2024 ൽ, ടീമിൻ്റെ എംവിപിയായിരുന്നു അദ്ദേഹം, 400-ലധികം റൺസ് നേടുകയും ടീമിനായി ഏറ്റവും ആവശ്യം ഉള്ള സമയത്ത് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

മറുവശത്ത്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഏറ്റവും സ്ഥിരതയാർന്ന ബാറ്റിംഗാണ് റിങ്കു സിംഗ് കാഴ്ചവെക്കുന്നത്. ടീമിൻ്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നാണ് അദ്ദേഹം. ടീമിൻ്റെ മികച്ച ബൗളറായ വരുൺ ചക്രവർത്തിയുടെ ബൗളിംഗിൻ്റെ കാര്യത്തിലും ഇതുതന്നെയാണ് കാര്യം.

ബംഗ്ലാദേശ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗം ആയിരുന്നു എങ്കിലും ഹർഷിത് റാണക്ക് അവസരം ഒന്നും കിട്ടിയിരുന്നില്ല. ഇത് താരത്തെ അൺ ക്യാപ്ഡ് താരമായി ടീമിലെത്തിക്കാൻ കൊൽക്കത്തയ്ക്ക് അവസരമൊരുക്കുന്നു. നാല് കോടി രൂപക്ക് താരത്തെ ടീമിലെടുക്കാൻ കൊൽക്കത്തയ്ക്ക് സാധിക്കും.

നായകൻ ശ്രേയസ് അയ്യരെയും ആന്ദ്രേ റസലിനെയും ടീമിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യതകൾ കൂടുതൽ. ഇതിൽ തന്നെ റസലിനെ പോലെ മിടുക്കനായ ഒരു ഓൾ റൗണ്ടറെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ഞെട്ടൽ ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.