ഐപിഎല്‍ 2025 മെഗാ താരലേലം: ഒരുക്കം തുടങ്ങി ബിസിസിഐ, പുതിയ ആവശ്യങ്ങളുമായി ഫ്രാഞ്ചൈസികള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ലേലം വിദൂരമാണെങ്കിലും, അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിസിസിഐ. എന്നാല്‍ നിലനിര്‍ത്തേണ്ട കളിക്കാരുടെ എണ്ണത്തില്‍ ടീമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നിലനിര്‍ത്താന്‍ കഴിയുന്ന കളിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടു.

ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം അഞ്ച് മുതല്‍ ഏഴ് വരെ ആക്കണമെന്നാണ് ഫ്രാഞ്ചൈസികളുടെ ആവശ്യം. 2021ല്‍, ഇന്ത്യന്‍, വിദേശ കളിക്കാര്‍ക്ക് പ്രത്യേക പരിധികളോടെ നാല് കളിക്കാരെ വരെ നിലനിര്‍ത്താന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം, ഫ്രാഞ്ചൈസികള്‍ കൂടുതല്‍ നിലനിര്‍ത്തലുകള്‍ക്കായി വാദിക്കുന്നു, ചിലര്‍ എട്ട് വരെ നിര്‍ദ്ദേശിക്കുന്നു. അതേസമയം ചിലര്‍ താരങ്ങളെ ആരെയും നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്നില്ല.

മെഗാ താരലേലത്തില്‍ ഓരോ ടീമുകള്‍ക്കും ചെലവഴിക്കാവുന്ന പരമാവധി തുക ഉയര്‍ത്തണമെന്നും ടീമുകള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 202ലെ മെഗാ താരലേലത്തില്‍ 100 കോടി രൂപയാണ് ടീമുകള്‍ക്ക് പരമാവധി ചെലവഴിക്കാനാവുമായിരുന്നത്. ഇത് 120 കോടിയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ടീമുകളുടെ ആവശ്യം.

അതേസമയം, ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അടുത്ത സീസണിലും ഇത് തുടരാനാണ് സാധ്യത. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു.