ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍ 2025) മെഗാ ലേലത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ യുവ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സനെ കുറിച്ച് ധീരമായ പ്രവചനം നടത്തി മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മെഗാ ലേലത്തില്‍ ജാന്‍സെന് 10 കോടിയിലധികം ലഭിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (എസ്ആര്‍എച്ച്) പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.
ജാന്‍സന്‍ 2021 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാണ്. പക്ഷേ ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇടങ്കയ്യന്‍ പേസര്‍ 21 ഇന്നിംഗ്സുകളില്‍ നിന്ന് 35.75 ശരാശരിയില്‍ 20 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 9.53 എന്ന എക്കണോമി റേറ്റ് അല്‍പ്പം ഉയര്‍ന്നതാണ്. 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎലിലെ മികച്ച പ്രകടനം.
വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ ജാന്‍സെന് 10 കോടി രൂപയുടെ കരാര്‍ നേടാനാകുമെന്ന് സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലെ ജാന്‍സന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞത്.
Read more
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പര കളിക്കാര്‍ക്കുള്ള ഓഡിഷനാണ്. വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ കളിക്കാര്‍ക്ക് വലിയ ഡീലുകള്‍ നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ പരമ്പരയിലെ പ്രകടനത്തിന് കഴിയും.