സഞ്ജു ഇനിയും ഭാരം ചുമക്കണോ?, പുതിയ തട്ടകം തേടണമെന്ന് ആരാധകര്‍

ടീമിനോളം മാത്രമേ ക്യാപ്റ്റന് നന്നാകാനാവൂ എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ നായകന്‍ നന്നായിട്ടും ടീം മോശമാക്കിയാലോ ? ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍ സഞ്ജു വി. സാംസനും രണ്ട് വഴിയിലൂടെ സഞ്ചരിക്കുകയാണ്. ബാറ്റിംഗിലൂടെയും നേതൃ പാടവ ത്തിലൂടെയും സഞ്ജു മിന്നുമ്പോള്‍ വേണ്ടത്ര പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്ക് സാധി ക്കുന്നില്ല. അതിനാല്‍ത്തന്നെ സഞ്ജു പുതിയ ടീം തേടിപ്പോകണമെന്ന ആവശ്യവുമായി ആരാധ കര്‍ രംഗത്തെത്തിക്കഴിഞ്ഞു.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഒറ്റയാന്‍ പ്രകടനം കാഴ്ച്ചവയ്ക്കുന്ന സഞ്ജുവിനെയാണ് കണ്ടത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 350 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും അതില്‍പ്പെടുന്നു. ടീമിനെ ബാറ്റുകൊണ്ട് പ്രചോദിപ്പിക്കാന്‍ മിക്ക മത്സരങ്ങളിലും സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷേ, എട്ട് പോയിന്റുമായി ടേബിളില്‍ ഏഴാമതുള്ള റോയല്‍സ് പരിതാപകരമായ അവസ്ഥയിലേക്ക് വീണു.

സഞ്ജു തിളങ്ങിയില്ലെങ്കില്‍ ടീം കൂപ്പുകുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ മത്സരത്തില്‍ സഞ്ജു ഒരറ്റത്ത് നിലയുറപ്പിച്ച് പൊരുതിയിട്ടും റോയല്‍സിന് വിജയത്തിലെത്താനായില്ല. റോയല്‍സിലെ മറ്റു കളിക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിന്റെ നിരാശയും സഞ്ജുവിനുണ്ട്.

യുഎഇ ലെഗിലെ രണ്ടു മത്സരങ്ങളിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് കനത്ത പിഴ ചുമത്തിയിരുന്നു. 36 ലക്ഷം രൂപയാണ് മാച്ച് ഫീയില്‍ നിന്ന് സഞ്ജുവിന് നഷ്ടപ്പെട്ടത്. ടീമംഗങ്ങളുടെ സഹകരണമില്ലാതെ നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ക്യാപ്റ്റനും സാധിക്കില്ല. ഓവര്‍ റേറ്റിന്റെ കാര്യത്തില്‍ സഞ്ജു കൂടുതല്‍ കര്‍ക്കശക്കാരനും ശ്രദ്ധാലുവും ആകേണ്ടിയിരിക്കുന്നുവെന്നതില്‍ സംശയമില്ല.

ജോസ് ബട്ട്‌ലറെയും ബെന്‍ സ്‌റ്റോക്‌സിനെയും ജോഫ്ര ആര്‍ച്ചറെയും നഷ്ടപ്പെട്ടതാണ് റോയല്‍സ് ദുര്‍ബലപ്പെടാന്‍ കാരണം. വന്‍തുക വാരിയെറിഞ്ഞ് ടീമിലെത്തിച്ച ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് താളംകണ്ടെത്തുന്നുമില്ല. മോറിസിന് പരിക്കുണ്ടെന്നാണ് സൂചന. രാഹുല്‍ തെവാതിയ നിലവാരം കാട്ടുന്നില്ലെന്നതും റോയല്‍സിന്റെ പ്രശ്‌നങ്ങളില്‍പ്പെടുന്നു. റോയല്‍സിനൊപ്പം ഐപിഎല്‍ കിരീടം നേടുകയെന്ന സഞ്ജുവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ താരം പുതിയ ടീം തേടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നതിന്റെ കാരണമിതാണ്.