'ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഇന്ത്യയോട് തോല്‍ക്കരുത്'; സൂപ്പര്‍ താരത്തില്‍നിന്ന് കിട്ടിയ നിര്‍ദ്ദേശം വെളിപ്പെടുത്തി റിസ്വാന്‍

ഏതൊരു ക്രിക്കറ്റ് പ്രേമിയും സാക്ഷ്യം വഹിക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും സമ്മര്‍ദ്ദകരമായ ഗെയിമുകളിലൊന്നാണ് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. ഈ പോരാട്ടത്തിനായി ലോകം മുഴുവന്‍ ഒരുങ്ങുകയാണ്. ഒരു ജയം എന്നതിലുപരി അത് അഭിമാനത്തിന്റെ പോരാട്ടമാണ്. 2021 ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതിന് മുമ്പ്, മുന്‍ താരം റമീസ് രാജ ഇന്ത്യയോട് തോല്‍ക്കരുതെന്ന് ടീമിനോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്ന് പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ അടുത്തിടെ വെളിപ്പെടുത്തി.

‘ഇന്ത്യയും പാകിസ്ഥാനും എപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നു. എല്ലാ രാജ്യത്തുനിന്നും ആളുകള്‍ ഈ മത്സരം കാണുന്നുണ്ട്. 2021 ടി20 ലോകകപ്പില്‍ ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍, ഞങ്ങള്‍ പാകിസ്ഥാനിലേക്ക് മടങ്ങുന്നത് വരെ ഇത് ഇത്ര വലിയ കാര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല.

ഞങ്ങള്‍ ഷോപ്പിംഗിന് പോകുമ്പോള്‍ ആളുകള്‍ ഞങ്ങളില്‍ നിന്ന് പണം വാങ്ങിയില്ല. നിങ്ങള്‍ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും കുഴപ്പമില്ല, ഇന്ത്യയോട് തോല്‍ക്കരുതെന്നാണ് റമീസ് രാജ ഞങ്ങളോട് പറഞ്ഞത്- ഒരു പരിപാടിക്കിടെ റിസ്വാന്‍ പറഞ്ഞു.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരെ മോശം റെക്കോര്‍ഡാണ് പാകിസ്ഥാനുള്ളത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരു തവണ മാത്രമേ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ടീമിന് കഴിഞ്ഞിട്ടുള്ളൂ. ടി20 ലോകകപ്പില്‍, ഇന്ത്യ 7 തവണ പാകിസ്ഥാനെ നേരിട്ടിട്ടുണ്ട്, അതില്‍ ആറെണ്ണത്തിലും ഇന്ത്യ വിജയിച്ചു. ജൂണ്‍ 9-നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന അടുത്ത ഇന്ത്യ-പാക് മത്സരം.