ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് പത്ത് ഫ്രാഞ്ചൈസികളും നിലനിർത്തുന്ന കളിക്കാരുടെ പേരുകൾ മുൻ കളിക്കാരും ആരാധകരും പ്രവചിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയി. 18-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുള്ള എംഎസ് ധോണി, ഈയിടെ ടീമുകൾ നിലനിർത്തുന്ന താരങ്ങളെക്കുറിച്ച് വെറുതെ റൂമറുകൾ പറയുന്നവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
ധോണിയുടെ വാക്കുകൾ ഇങ്ങനെ:
“ഇക്കാലത്ത് എല്ലാവരും ഒരു ടീം ഉടമയെപ്പോലെയാണ് പെരുമാറുന്നത്. ടീമുകളുടെ കാര്യം ഒന്നും പറയാൻ പറ്റില്ല. അവർ ചിലപ്പോൾ ചില താരങ്ങളെ ലേലത്തിലേക്ക് അയക്കും. ചില താരങ്ങളെ നിലനിർത്തും. അവിടെ ടീം ഉടമകളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ” ധോണി ഓർമിപ്പിച്ചു.
“കളിക്കാർ ലേലത്തിൽ പ്രവേശിക്കുന്നു, പക്ഷേ അവർക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും ഒരിക്കലും അറിയില്ല. ഏത് ടീമാണ് ഒരു പ്രത്യേക താരത്തെ വാങ്ങുകയെന്ന് ആരാധകർ പ്രവചിക്കുന്നു. എല്ലാ ടീമുകൾക്കും ഒരുപാട് തുക കൈയിൽ ഉള്ള വലിയ ഒരു ലേലമാണ് നടക്കാൻ പോകുന്നതെന്ന് നമ്മൾ മനസിലാക്കണം.” ധോണി പറഞ്ഞു.
“നിങ്ങളിൽ പണം നിക്ഷേപിക്കുന്ന ഫ്രാഞ്ചൈസിക്കായി നിങ്ങൾ പ്രകടനം നടത്തേണ്ടിവരും. ചിലപ്പോൾ നിങ്ങളുടെ ഇഷ്ട ടീമിൽ പ്രിയപ്പെട്ട താരങ്ങൾ ഉണ്ടായേക്കാം, ചിലപ്പോൾ അവരിൽ ചിലർ മറ്റ് ടീമുകൾക്ക് വേണ്ടി ആയിരിക്കും കളിക്കുക.” ധോണി തന്റെ വാക്കുകൾ അവസാനിപ്പിച്ചു.
ഇന്ന് ടീമുകൾ തങ്ങളുടെ ഫൈനൽ ലിസ്റ്റ് സമർപ്പിക്കാനിരിക്കെ ശ്രേയസ് അയ്യർ കൊൽക്കത്തയും ഋഷഭ് പന്ത് ഡൽഹിയും കെ എൽ രാഹുൽ ലക്നൗവും വിടാനുള്ള സാധ്യതകൾ കൂടുതൽ ആണെന്ന് റിപ്പോർട്ട് പ്രകാരം മനസിലാക്കാം.