പരിക്ക് മാറി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. പരിക്ക് ഭേദമായി തിരിച്ചെത്തിയ ശേഷം നിലവില്‍ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കായി ഇറങ്ങി. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയ സൗരാഷ്ട്രയുടെ നായകന്‍ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനവുമായി ബിസിസിഐയ്ക്ക് വലിയൊരു പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്.
തമിഴ്‌നാടിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റു വീഴ്ത്തിയാണ് ജഡേജ തന്റെ മടങ്ങിവരവ് പ്രഘോഷിച്ചത്. 17.1 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 53 റണ്‍സ് വഴങ്ങിയാണ് താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ജഡേജയുടെ ബോളിംഗ് മികവില്‍ തമിഴ്‌നാട് 133 റണ്‍സിന് ഓള്‍ഔട്ടായി. 266 റണ്‍സാണ് സൗരാഷ്ട്രയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം.
ആദ്യ ഇന്നിംഗ്‌സില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ ഫ്‌ളോപ്പായിരുന്നു. 24 ഓവറുകള്‍ പന്തെറിഞ്ഞ് മൂന്ന് മെയ്ഡനടക്കം 48 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് രവീന്ദ്ര ജഡേജ വീഴ്ത്തിയത്. അധികം റണ്‍സ് വഴങ്ങിയില്ലെങ്കിലും വിക്കറ്റ് നേടുന്നതില്‍ പിന്നോട്ട് പോയി. ഒന്നാം ഇന്നിംഗ്‌സില്‍ ആറാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ ജഡേജയെത്തിയത്. 23 പന്ത് നേരിട്ട താരം നേടിയത് വെറും 15 റണ്‍സാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിലും അവസരം ലഭിച്ച് താരത്തിന് തിളങ്ങാനായാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിക്കാം.
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അടുത്ത മാസം ആരംഭിക്കാനിരിക്കെ ജഡേജയുടെ രഞ്ജി ട്രോഫിയിലെ പ്രകടനത്തില്‍ എല്ലാവരും വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. ഫെബ്രുവരി ഒന്നിന് രവീന്ദ്ര ജഡേജയുടെ ഫിറ്റ്നസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടന്ന ശേഷം ജഡേജയുടെ ആദ്യ മത്സര ക്രിക്കറ്റ് മത്സരമാണിത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഓസീസ് പരമ്പരയിലെ അദ്ദേഹത്തിന്റെ വിധി തീരുമാനിക്കും. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് ജഡേജയെ തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ മാത്രമേ സെലക്ട് ചെയ്യൂ എന്നാണ് അവര്‍ നിബന്ധന വെച്ചത്.