'ഞങ്ങള്‍ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കില്‍..', ഐസിസിയെ വിരട്ടി കാര്യം സാധിക്കാന്‍ പാകിസ്ഥാന്‍, രംഗത്തിറങ്ങി മുന്‍ താരങ്ങള്‍

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ തമാശയെന്ന് വിശേഷിപ്പിച്ച് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയ്ക്കെതിരായ ഭാവി മത്സരങ്ങള്‍ പാകിസ്ഥാന്‍ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരുന്നില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതിന് പിന്നാലെയാണ് ഇത്.

സാഹചര്യം ഇത്രത്തോളം എത്തിയിരിക്കുന്നത് ഒരു തമാശയാണ്. ഞങ്ങള്‍ ഇന്ത്യയ്ക്കെതിരെ കളിച്ചില്ലെങ്കില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് അതിജീവിക്കുക മാത്രമല്ല അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും, ഞങ്ങള്‍ മുന്‍കാലങ്ങളില്‍ കാണിച്ചത് പോലെ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ ഐസിസി എങ്ങനെയാണ് പണം സമ്പാദിക്കുന്നത് എന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- മിയാന്‍ദാദ് പറഞ്ഞു.

പുതിയ സംഭവവികാസത്തോട് ഇന്‍സമാം ഉള്‍ ഹഖും പ്രതികരിച്ചു. ”ഇന്ത്യന്‍ കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ ഒരു ഭീഷണിയും നേരിടേണ്ടിവരില്ല, മികച്ച ആതിഥ്യം ഇവിടെ ലഭിക്കും. അവര്‍ ലോക ക്രിക്കറ്റിന് ഒരു വലിയ അവസരം നഷ്ടപ്പെടുത്തുകയാണ്” അദ്ദേഹം പറഞ്ഞു.

ഭാവി നടപടി തീരുമാനിക്കാന്‍ പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പാകിസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നയം മാറ്റുന്നതുവരെ ഐസിസിയിലും മള്‍ട്ടി-നേഷന്‍ ഇവന്റുകളിലും ഇന്ത്യയ്ക്കെതിരെ കളിക്കുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍ പിസിബിക്ക് നിര്‍ദ്ദേശം നല്‍കിയേക്കുമെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.