ധര്‍മശാല: രഞ്ജി ട്രോഫിയില്‍ ചരിത്ര വിജയത്തിനരികെ കേരളം. 181 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് വഴങ്ങിയ ഹരിയാന രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഹരിയാന അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ്.
ഇതോടെ ഹരിയാനയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ലീഡ് സ്വന്തമാക്കാന്‍ 98 റണ്‍സ് കൂടി വേണം. സ്‌കോര്‍ ഹരിയാന 208, 83/5, കേരളം 389.
ജയിച്ചാലെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ വീറോടെ പന്തെറിഞ്ഞ കേരളാ ബൗളര്‍മാര്‍ക്കു മുന്നില്‍ ഹരിയാനക്കും രണ്ടാം ഇന്നിംഗ്‌സിലും കാലിടറുകയായിരുന്നു. 25 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്ന രജത് പലിവാലാണ് ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.
15 റണ്‍സുമായി ബാറ്റ് ചെയ്യുന്ന അമിത് മിശ്രയാണ് പലിവാലിന് ക്രീസില്‍ കൂട്ട്. ഇരുവരെയും നാലാം ദിനം അതിവേഗം പുറത്താക്കിയാല്‍ കേരളത്തിന് ലഞ്ചിന് മുമ്പ് ജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിക്കാനാവും.
Read more
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സക്‌സേനയും ബേസില്‍ തമ്പിയുമാണ് ഹരിയാനയുടെ നടുവൊടിച്ചത്. നേരത്തെ ബേസില്‍ തമ്പിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് കേരളം ലീഡ് നേടിയത്. 93 റണ്‍സ് നേടിയ രോഹന്‍ പ്രേം, മുഹമ്മദ് അസ്ഹറുദ്ദീന്‍(34), സല്‍മാന്‍ നിസാര്‍(33), നിഥീഷ്(22) എന്നിവരും കേരളാ ഇന്നിംഗ്‌സിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.