കരുത്തരായ മദ്ധ്യപ്രദേശിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളത്തിന് രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഒടുവില്‍ നിരാശ . മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനുള്ള കേരളത്തിന്റെ പോരാട്ടവീര്യം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സിന് അവസാനിച്ചു. സമനിലയിലായ മത്സരത്തില്‍ 585 ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത മദ്ധ്യപ്രദേശിന്റെ സ്‌കോര്‍ കേരളത്തിന് മറികടക്കാനായില്ല.
ഇരു ടീമും സമയം കൂടുതലെടുത്ത് ബാറ്റിംഗ് നടത്തിയത് കൊണ്ടുതന്നെ കളിയുടെ ഫലം ഏറെക്കുറെ തീരുമാനമായിരുന്നിരിക്കേ ഒന്നാമത്തെ ഇന്നിംഗ്‌സ് ലീഡ് പിടിക്കാനായിരുന്നു ശരിക്കും മത്സരം. അവസാന ദിവസം കേരളം അതിശക്തമായ പോരാട്ടം നടത്തിയെങ്കിലും 153 റണ്‍സ് പുറകില്‍ എത്താനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ പൊന്നന്‍ രാഹുലും സച്ചിന്‍ ബേബിയും സെഞ്ച്വറി നേടി. രാഹുല്‍ 136 റണ്‍സിന് പുറത്തായപ്പോള്‍ സച്ചിന്‍ ബേബി 114 റണ്‍സിനായിരുന്നു പുറത്തായത്. പിന്നാലെ വന്നവരെല്ലാം സ്‌കോര്‍ എളുപ്പം ഉയര്‍ത്താന്‍ ശ്രമിച്ച് പുറത്തായി.
Read more
സല്‍മാന്‍ നിസാര്‍ ഒരു റണ്‍സ് എടുത്തു മടങ്ങിയപ്പോള്‍ ജലജ് സക്‌സേന 20 റണ്‍സിനും വീണു. സിജോമോന്‍ ജോസഫ് 12 റണ്‍സിനും പുറത്തായി. ബേസില്‍ തമ്പിയും നെടുംകുഴി ബേസിലും പൂജ്യത്തിന് പുറത്തായപ്പോള്‍ എംഡി നിധീഷിന് നേടാനായത് 11 റണ്‍സായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഈശ്വര്‍ പാണ്ഡേയും അനുഭവ് അഗര്‍വാളുമായിരുന്നു കേരളത്തെ വീഴ്ത്തിയത്.