കെകെആര്‍ സൂപ്പര്‍ താരം ആര്‍സിബിയിലേക്ക്?, ഐപിഎല്‍ ലേലത്തിന് മുന്നോടിയായി മെഗാ നീക്കം

ഐപിഎല്‍ നിലനിര്‍ത്താനുള്ള സമയപരിധി അടുത്തിരിക്കെ പ്രതീക്ഷകള്‍ ഉയരുകയാണ്. നിരവധി വമ്പന്‍ താരങ്ങളുടെ ഭാവി വരും ദിവസങ്ങളില്‍ തീരുമാനമായേക്കും. ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പായി നിലവില്‍ കെകെആറിന്റെ നായകനായ ശ്രേയസ് അയ്യരുടെ വിധിയും കുറിക്കപ്പെട്ടേക്കുമെന്നാണ് വിവരം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നീണ്ട ട്രോഫി വരള്‍ച്ച കഴിഞ്ഞ സീസണില്‍ അവരുടെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് അയ്യര്‍ അവസാനിപ്പിച്ചു. അയ്യറുടെ കെകെആര്‍ ഭാവിയെക്കുറിച്ച് കിംവദന്തികള്‍ പരന്നിരുന്നു. ഇപ്പോള്‍ അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട്, താരത്തിന്റെ സേവനം സ്വന്തമാക്കാന്‍ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യപ്പെടുന്നു.

ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഐപിഎല്‍ 2025 ന് മുമ്പ് അയ്യരെ കെകെആര്‍ നിലനിര്‍ത്തിയേക്കില്ല. അങ്ങനെയെങ്കില്‍, അദ്ദേഹം വലിയ പേരുകളില്‍ ഒരാളായി ലേലത്തില്‍ പ്രവേശിക്കും. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിംഗ്സും താരത്തെ വേട്ടയാടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

മറ്റൊരു നിരാശാജനകമായ കാമ്പെയ്നിന് ശേഷം ആര്‍സിബി ഫാഫ് ഡു പ്ലെസിസിനെ വിടാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ ആര്‍സിബിയ്ക്ക് പുതിയ ക്യാപ്റ്റനെ ആവശ്യമാണ്. ശ്രേയസ് അയ്യര്‍ കെകെആര്‍ വിടുകയാണെങ്കില്‍, കൊല്‍ക്കത്ത ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് പിന്നാലെ പോകുമെന്നാണ് റിപ്പോര്‍ട്ട്.