കെഎൽ രാഹുൽ നമുക്കിട്ട് പണിയാൻ നോക്കുന്നു മോനെ, കൃത്യസമയത്ത് ഋതുരാജിനെ ഓർമ്മിപ്പിച്ച് ധോണി; തർക്കത്തിന് പിന്നാലെ സംഭവിച്ചത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ പരിചയസമ്പത്ത് എങ്ങനെ ഉപയോഗിക്കണം എന്ന് ധോണിക്ക് അറിയാം. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ 9 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ അദ്ദേഹം ടീമിൻ്റെ സ്‌കോർ 20 ഓവറിൽ 176/6 എന്ന നിലയിലെത്തിച്ചു. 3 ബൗണ്ടറികളും 2 സിക്‌സറുകളും പറത്തിയ അദ്ദേഹത്തിൻ്റെ റൺസ് 300-ലധികം സ്‌ട്രൈക്ക് റേറ്റിലാണ്.

സ്ലോ ഓവർ റേറ്റ് കുറ്റം ഒഴിവാക്കാനായി കൃത്യസമയത്ത് ഓവറുകൾ പൂർത്തിയാക്കാൻ ബൗളർമാരോടും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനോടും ധോണി ആവശ്യപെടുന്നുണ്ടായിരുന്നു. എൽഎസ്‌ജി ഇന്നിംഗ്‌സിൻ്റെ ആദ്യ ഓവർ മുതൽ ഓവർ റേറ്റുമായി ബന്ധപ്പെട്ട് ഗെയ്‌ക്‌വാദുമായി സമ്പർക്കം പുലർത്തിയ ധോണി, ബൗളർമാരോട് വേഗം എറിയാൻ പറയണമെന്ന് പലതവണ സൂചന നൽകി.

ഋതുരാജിന് മനഃപൂർവം പണി കിട്ടാൻ വേണ്ടി എന്നോണം ഉള്ള ലക്നൗ നായകൻ രാഹുൽ കാണിച്ച ബുദ്ധിയും ധോണി മനസിലാക്കി. ഒരു പന്ത് നേരിടുന്നതിന് മുമ്പ് ഒരുങ്ങാൻ ക്യാപ്റ്റൻ വളരെയധികം സമയമെടുക്കുകയായിരുന്നു, ധോണി ഇക്കാര്യം ക്യാപ്റ്റനെ അറിയിച്ചതിന് ശേഷം ഗെയ്‌ക്‌വാദും അമ്പയർമാരെ അറിയിച്ചു.

രാഹുലിന്റെ ഇത്തരം പ്രവർത്തി അവസാനിപ്പിക്കണം എന്ന് ഋതുരാജ് ആവശ്യപ്പെടുകയും ചെയ്തു. നിശ്ചിത സമയം അവസാനിക്കുമ്പോൾ ചെന്നൈ മൂന്ന് ഓവറുകൾ പിന്നിലായിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അദ്ദേഹത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്. കളിക്കിടെ തന്നെ 18-ാം ഓവറിൽ സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർമാർക്ക് പകരം നാല് പേരെ മാത്രമാണ് നിർത്താൻ പറ്റിയത്. പക്ഷേ മത്സരത്തിൽ അതിനകം തന്നെ പരാജയം സമ്മതിച്ച ചെന്നൈക്ക് ഈ നഷ്ടം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല.

ഋതുരാജിന് പിഴ വിധിച്ച മത്സരത്തിൽ മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഇരുടീമുകളുടെയും ക്യാപ്റ്റൻമാർ ഓവർ-റേറ്റ് നിയമലംഘനത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മത്സരമാണിത്. ലഖ്‌നൗ ക്യാപ്റ്റൻ കെഎൽ രാഹുലിനും ഓവറുകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല, സമയ കണക്കുകൂട്ടലുകൾ കണക്കിലെടുക്കുമ്പോൾ എൽഎസ്ജിക്ക് ഒരു ഓവർ കുറവായിരുന്നു.