റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തിരശ്ശീല വീണു. അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. പ്രിയങ്ക ഗാന്ധി മാതാവ് സോണിയ ഗാന്ധിയുടെ സ്ഥിരം സീറ്റായ റായ്ബറേലിയിലോ അമേഠിയിലോ മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സോണിയ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം റായ്ബറേലിയിലെ സീറ്റ് ഇത്തവണ പ്രിയങ്കയ്ക്ക് നല്‍കിയേക്കുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അമേഠിയില്‍ 2019ല്‍ സ്മൃതി ഇറാനിയുമായി മത്സരിച്ചാണ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത്. വയനാട്ടിലെ വിജയത്തെ തുടര്‍ന്നാണ് കഴിഞ്ഞ തവണ രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.