സെഞ്ച്വറിയ്ക്ക് ശേഷം 'പൊട്ടിത്തെറിച്ചതെന്തിന്'? കോഹ്ലിയുടെ വെളിപ്പെടുത്തല്‍

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ കോഹ്ലിയുടെ ആഹ്ലാദ പ്രകടനവും ശ്രദ്ധേയമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടിയതിന്റെ സന്തോഷമാണ് കോഹ്ലി തന്റെ സ്റ്റൈലില്‍ പ്രകടിപ്പിച്ചത്.

മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഷോണ്‍ പോളോക്കിന്റെ ചോദ്യത്തിന് ഉത്തരമായാണ് താന്‍ എന്തിനായിരുന്നു താന്‍ ഇത്തരത്തിലൊരു ആഹ്ലാദ പ്രകടനം നടത്തിയതെന്ന് കോഹ്ലി വ്യക്തമാക്കി. കോഹ്ലിയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു.

“ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ഞാനൊരു ഏകദിന സെഞ്ച്വറി നേടിയിട്ടില്ല. നിങ്ങള്‍ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നു, ഒപ്പം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഒരു സെഞ്ച്വറി നേടാന്‍ പോകുന്നു. ഇത് എത്രത്തോളം പ്രത്യേകതയുള്ളതാണെന്ന് അപ്പോള്‍ തന്നെ മനസ്സിലായില്ലേ?” കോഹ്ലി പറഞ്ഞു.

“ദക്ഷിണാഫ്രിക്കയില്‍ കളിച്ച് വിജയിക്കാനുറച്ചാണ് ഞങ്ങള്‍ വന്നത്. ടെസ്റ്റില്‍ തോറ്റ നിരാശ മായ്ക്കാന്‍ ഏകദിനത്തില്‍ വിജയിച്ചു തുടങ്ങല്‍ അത്യാവശ്യമായിരുന്നു. അത് അങ്ങനെത്തന്നെ സംഭവിച്ചു. സെഞ്ച്വറിയടിച്ചപ്പോള്‍ എനിക്ക് മാത്രമല്ല, മുഴുവന്‍ ടീമിനും അതു നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. അതുകൊണ്ട് തന്നെ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഈ നിമിഷങ്ങള്‍ നമ്മള്‍ ആഘോഷിക്കുക തന്നെ വേണം” കോഹ്ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ഈ സെഞ്ച്വറിയോടെ സമ്പൂര്‍ണ്ണ സെഞ്ച്വറി എന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. താന്‍ കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഹ്ലി.

ടെസ്റ്റ് പദവിയുള്ള ഒമ്പത് രാജ്യങ്ങളിലാണ് കോഹ്ലി കളിച്ചത് അതില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമായിരുന്നു സെഞ്ചുറി നേടാനുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്റെ പത്താം ഏകദിനത്തില്‍ ആ നേട്ടവും കുറിച്ചിരിക്കുകയാണ് കോഹ്ലി.