പഴയ പവർ തിരിച്ചുകൊണ്ടുവരാൻ വമ്പനെ ടീമിലെത്തിക്കാൻ ലക്നൗ, ഗംഭീറിന് പകരം എത്തുന്നത് ഇന്ത്യൻ ഇതിഹാസം; ആരാധകർക്ക് ആവേശം

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഒരു മെന്ററിന്റെ റോളിനായി സഹീർ ഖാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സുമായി (എൽഎസ്‌ജി) ചർച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. 2023 ലെ പതിപ്പിന് പിന്നാലെ ഗൗതം ഗംഭീറും 2024 ലെ ഏറ്റവും പുതിയ പതിപ്പിന് ശേഷം മോൺ മോർക്കലും വിടവാങ്ങിയതോടെ, മുൻ വെറ്ററൻ പേസർ ഒരേസമയം രണ്ട് റോളുകൾ (ഉപദേശകനും ബൗളിംഗ് കോച്ചും) ഏറ്റെടുക്കാനുള്ള വക്കിലാണ്, ചർച്ചകൾക്ക് ശേഷം രണ്ട് പാർട്ടികൾക്കിടയിൽ ധാരണ ഉണ്ടായെന്ന് റിപ്പോർട്ടുകൾ

സഹീറിനെ പോലൊരു വ്യക്തി യൂണിറ്റിൻ്റെ ചുമതല വഹിക്കണമെന്ന് എൽഎസ്ജിയുടെ ഉടമയും ഇന്ത്യൻ വ്യവസായിയുമായ സഞ്ജീവ് ഗോയങ്ക ആഗ്രഹിക്കുന്നതായും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രത്യേക വിദേശ പര്യടനങ്ങൾക്കുള്ള ബൗളിംഗ് കൺസൾട്ടൻ്റായി സഹീറിനെ പല തവണ അയച്ചിട്ടുണ്ട്. കൂടാതെ ഐപിഎല്ലിൽ നിന്ന് വിരമിച്ചതിന് ശേഷം സമാനമായ റോളിൽ മുംബൈ ഇന്ത്യൻസിനെ (എംഐ) പ്രതിനിധീകരിച്ചു. ഗംഭീർ ഇന്ത്യൻ പരിശീലകനായിവന്നതിന് ശേഷം, ഗംഭീറിൻ്റെ മുൻ ഇന്ത്യൻ സഹതാരത്തെ മെൻ ഇൻ ബ്ലൂവിൻ്റെ ബൗളിംഗ് കോച്ചായി പരിഗണിക്കുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നിരുന്നാലും, ഗംഭീറിൻ്റെ വ്യക്തമായ നിർദ്ദേശപ്രകാരം മോർക്കലിനെ ആണ് ആ റോളിലേക്ക് പരിഗണിച്ചത്.

എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇതുവരെയുള്ള സീസണിലൊന്നും കാര്യമായ ചലനം ഉണ്ടാക്കാത്ത ലക്നൗ സഹീറിലൂടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.