ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് വാംഖഡെയില്‍ പുരോഗമിക്കവെ എന്തുകൊണ്ടാണ് ഈ ടെസ്റ്റില്‍ സ്പിന്‍ ബോളിംഗിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ പതറിയതെന്നു ചൂണ്ടിക്കാണിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റിഷഭ് പന്തൊഴികെ ഇന്ത്യയുടെ മറ്റു ബാറ്റര്‍മാരെല്ലാം ഒരേ രീതിയിലാണ് ഔട്ടായതെന്ന് മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
തുടക്കക്കാര്‍ക്കു വേണ്ടി, സ്പിന്നര്‍മാര്‍ക്കെതിരേ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതിന്റെ അദ്ഭുതത്തെക്കുറിച്ചു ഇന്ത്യന്‍ താരങ്ങള്‍ക്കു ബാറ്റിംഗ് കോച്ച് പരിചയപ്പെുത്തി കൊടുക്കണം. അതു അതിജീവനം എളുപ്പമാക്കി തീര്‍ക്കും, കൂടാതെ റണ്‍ സ്‌കോറിംഗും ഇതു അനായാസമാക്കും. റിഷഭ് പന്തൊഴികെ പ്രധാനപ്പെട്ട മുഴുവന്‍ ബാറ്റര്‍മാരും സ്പിന്നിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിച്ചാണ് ഔട്ടായത്- മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ ജയത്തിനടുത്താണ്. മൂന്നാംദിനം ആദ്യത്തെ സെഷനില്‍ തന്നെ ഇന്ത്യ രണ്ടാമിന്നിങ്സിനു ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 28 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിനു ഇറങ്ങിയ കിവികള്‍ രണ്ടാംദിനം ഒമ്പതു വിക്കറ്റിനു 171 റണ്‍സെടുത്താണ് കളി അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കിവികള്‍ക്കു 143 റണ്‍സിന്റെ ലീഡാണുള്ളത്.