MI UPDATES: ടോസിനിടെ ഒരേ സമയം ദുഃഖവും സന്തോഷവും നൽകുന്ന അപ്ഡേറ്റ് നൽകി ഹാർദിക് ; ബുംറയുടെ കാര്യത്തിലും തീരുമാനമായി

മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയൻറ്സ് മത്സരത്തിന്റെ ടോസ് വീണിരിക്കുകയാണ്. ടോസ് നേടിയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യാ ബോളിങ് തിരഞ്ഞെടുത്തു. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന പോരാട്ടം ഇരു ടീമുകൾക്കും പോയിന്റ് പട്ടികയിൽ മുന്നോട്ട് കയറി വരാൻ നിർണായകമായതിനാൽ വാശിയേറിയ മത്സരം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്തായാലും ടോസിനിടെ ഒരേ സമയം മുംബൈ ആരാധകർക്കും സന്തോഷവും സങ്കടവും നൽകുന്ന അപ്ഡേറ്റ് പറഞ്ഞിരിക്കുകയാണ് മുംബൈ നായകൻ ഹാർദിക്. സന്തോഷം നൽകുന്ന വാർത്ത അധികം താമസിക്കാതെ തന്നെ ജസ്പ്രീത് ബുംറ ഉടൻ തന്നെ തിരിച്ചുവരും എന്നുള്ളതാണ്. ബുംറ പെട്ടെന്ന് തന്നെ വരുമെന്ന് പറഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ ഉള്ള മുംബൈ ആരാധകർക്ക് സന്തോഷം ഉണ്ടായെങ്കിലും അവർക്ക് നിരാശ നൽകുന്ന മറ്റൊരു അപ്ഡേറ്റും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ പരിക്കുപറ്റിയ രോഹിത് ശർമ്മ കളിക്കുന്നില്ല എന്നുള്ളതാണ്. നെറ്റ്സിൽ പരിശീലനം നടത്തുന്നതിന്റെ ഇന്ത്യൻ നായകന്റെ മുട്ടിന് പരിക്ക് പറ്റുക ആയിരുന്നു . സീസണിലെ മൂന്ന് മത്സരങ്ങളിലും ഇമ്പാക്ട് താരമായി ഇറങ്ങിയ രോഹിത്തിന് തിളങ്ങാൻ സാധിച്ചില്ലെങ്കിലും എപ്പോൾ വേണമെങ്കിലും തിരിച്ചുവരാൻ കെൽപ്പുള്ള രോഹിത്തിനെ പോലെ ഒരു താരമില്ലാത്തത് നഷ്ടം തന്നെ ഉണ്ടാക്കും എന്ന് ഉറപ്പാണ്. എത്രത്തോളം ഗുരുതരം ആണ് പരിക്ക് എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

എന്തായാലും രോഹിത്തിന്റെ അഭാവത്തിൽ സൂര്യകുമാറും തിലക് വർമ്മയും അടക്കമുള്ള താരങ്ങൾ ആ കുറവ് നികത്തും എന്നാണ് ആരാധക പ്രതീക്ഷ.