ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബൗളിംഗിലൂടെ ഓസ്ട്രേലിയന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ 474 റണ്‍സ് നേടിയ ഓസീസ് ടീം നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 228 എന്ന സ്‌കോറിലാണ്. ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും മിടുക്കിലൂടെ ഇന്ത്യന്‍ ടീം രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയയുടെ മുകളിലെത്തി.
എന്നാല്‍ മോശം ഫീല്‍ഡിംഗ് പ്രകടനം ഇന്ത്യയെ അല്‍പ്പം പിന്നോട്ടടിച്ചു. ഇതില്‍ യശ്വസി ജയ്സ്വാളാണ് കൂടുതല്‍ പിഴവ് വരുത്തിയത്. ഇന്ത്യയുടെ യുവ ഓപ്പണര്‍ മൂന്ന് ക്യാച്ചവസരങ്ങളാണ് പാഴാക്കിയത്. ജയ്സ്വാളിന്റെ മോശം പ്രകടനത്തില്‍ നിരാശനായ നായകന്‍ രോഹിത് ശര്‍മ ജയ്സ്വാളിനോട് കയര്‍ക്കുന്ന സാഹചര്യം പോലുമുണ്ടായി. കോപത്തിന്റെ ഒരു നിമിഷത്തില്‍ അദ്ദേഹം വായുവില്‍ അടിച്ചു.
ജയ്സ്വാള്‍ ക്യാച്ച് കൈവിട്ടതിലുള്ള രോഹിതിന്റെ പ്രതികരണം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം മൈക്കല്‍ ഹസി പറഞ്ഞു. ‘ഇന്ത്യന്‍ നായകന്റെ ആ പ്രതികരണം എനിക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ വികാരാധീനനാണെന്നും അയാള്‍ക്ക് വിക്കറ്റുകള്‍ തീവ്രമായി വേണമെന്നും എനിക്കറിയാം, പക്ഷേ ശാന്തതയുടെയും പിന്തുണയുടെയും സന്ദേശം നല്‍കേണ്ടത് നിങ്ങളാണ്.’
ആരും ക്യാട്ട് വിട്ട് കളയാന്‍ ആഗ്രഹിക്കുന്നില്ല. ലബുഷെയ്‌നെ പോലുള്ള ഒരു താരത്തിന്റെ ക്യാച്ച് വിട്ട്കളയുമ്പോള്‍ തീര്‍ച്ചയായും അവന് തന്നെ വിഷമം ഉണ്ടാകും. അത് വേഗത്തില്‍ സംഭവിക്കുന്നതാണ്. അതിനെ ഈ നിലയില്‍ കൈകാര്യം ചെയ്യേണ്ടതില്ല- ഹസി പറഞ്ഞു.