BGT 2024-25: 'ഞാന്‍ ഇനി ബുംറയെ മഹാനെന്ന് വിളിക്കില്ല...'; ഞെട്ടിച്ച് മഞ്ജരേക്കര്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തുന്നത്. നാല് ടെസ്റ്റുകളില്‍നിന്ന് 12.83 ശരാശരിയില്‍ ജസ്പ്രീത് ബുംറ 30 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പരമ്പരയില്‍ മൂന്ന് ഫൈവ്-ഫെറുകള്‍ നേടിയ അദ്ദേഹം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള വക്കിലാണ്. 32 ബാറ്റര്‍മാരെ പുറത്താക്കിയ ഹര്‍ഭജന്‍ സിംഗിനെ മറികടക്കാന്‍ അദ്ദേഹത്തിന് മൂന്ന് വിക്കറ്റുകള്‍ മാത്രം മതി.

വലംകൈയ്യന്‍ പേസര്‍ സഞ്ജയ് മഞ്ജരേക്കറിനെ നിശബ്ദനാക്കി. മഹാനെന്ന പദം പോലും ബുംറയ്ക്കിന്ന് അനുയോജ്യമല്ലെന്ന് മഞ്ജരേക്കര്‍ കരുതുന്നു. പെര്‍ത്തില്‍ എട്ട് വിക്കറ്റുമായി പരമ്പര തുടങ്ങിയ ബുംറ പ്ലെയര്‍ ഓഫ് ദ മാച്ചായി. രണ്ടാം ഗെയിമില്‍ നാല് വിക്കറ്റ് വീഴ്ത്തി, മൂന്നാം ഗെയിമില്‍ 9 വിക്കറ്റ് വീഴ്ത്തി. മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും അദ്ദേഹം 9 വിക്കറ്റുകള്‍ കൂടി അക്കൗണ്ടില്‍ ചേര്‍ത്തു.

ഞാന്‍ ഇനി അവനെ മഹാനെന്ന് വിളിക്കില്ല. അവന്‍ ആ ഘട്ടവും കടന്നു. ഈ പയ്യന്‍ മറ്റൊരു ലെവലിലാണ്, എല്ലാ മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തുന്നു. ഇതിഹാസങ്ങളായ മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍, കര്‍ട്ട്ലി ആംബ്രോസ് എന്നിവരേക്കാള്‍ മികച്ചതാണ് അവന്റെ ശരാശരി.

വെറും 44 ടെസ്റ്റുകളില്‍ അവര്‍ക്ക് മുകളില്‍ നില്‍ക്കുക എന്നത് സെന്‍സേഷണല്‍ ആണ്. ഞാന്‍ ബ്രാഡ്മാനെസ്‌ക് എന്ന വാക്ക് അവനുപയോഗിക്കും. അദ്ദേഹം ഒറ്റയ്ക്ക് ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കി- സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.