'അവന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു, ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഉറപ്പാണ്'; സിറാജിനെ കുറിച്ച് പെയ്ന്‍

ഓസ്ട്രേലിയയില്‍ വെച്ച് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് നേരിട്ട വംശിയ അധിക്ഷേപത്തെ കുറിച്ച് പ്രതികരിച്ച് ഓസീസ് മുന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. താന്‍ അടുത്തേക്ക് ചെന്നപ്പോള്‍ സിറാജ് കരയുകയായിരുന്നെന്നും അവനെ അത് ആഴത്തില്‍ മുറിവേപ്പിച്ചിട്ടുണ്ട് എന്നത് ഉറപ്പാണെന്നും പെയ്ന്‍ പറഞ്ഞു.

‘സിറാജിന് അടുത്തേക്ക് ആ സമയം ചെന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. സിറാജിന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. സിറാജിന് അവിടെ വെച്ച് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഉറപ്പാണ്.’

‘തന്റെ പിതാവിന്റെ വിയോഗ വേദനയില്‍ നില്‍ക്കുന്നൊരു കുട്ടിയാണ്. ആ സമയം അതുപോലൊന്ന് നേരിടുക എന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സന്ദര്‍ശക രാജ്യങ്ങളോട് വളരെ നന്നായി പെരുമാറുന്ന പാരമ്പര്യമാണ് ഓസ്ട്രേലിയക്കുള്ളത്’ ഒരു ഡോക്യുമെന്ററിയില്‍ പെയ്ന്‍ പറഞ്ഞു.

സിഡ്നിയില്‍ ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സിറാജിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. സംഭവത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാതി ഉയര്‍ത്തിയതോടെ കാണികളെ മൈതാനത്ത് നിന്ന് പുറത്താക്കി.