2012ല്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുമ്പോള്‍ മങ്കാദിംഗ് നടത്തിയതിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്. മുരളി സറേയുടെ താരമായി സോമര്‍സെറ്റിനെതിരേ കളിക്കവേ നോണ്‍സ്ട്രൈക്കര്‍ അലെക്സ് ബാറോയെയാണ് മങ്കാദിംഗിലൂടെ പുറത്താക്കിയത്.
“എന്റെ ഭാഗം പറഞ്ഞാല്‍ മൂന്ന് തവണ ബാറ്റ്സ്മാന് മുന്നറിയിപ്പ് നല്കി. എന്നാല്‍ അവര്‍ അതിനെ കാര്യമായി എടുത്തില്ല. മുന്നറിയിപ്പ് നല്കിയ ശേഷവും ബോളറെ മണ്ടനാക്കുന്ന രീതിയായിരുന്നു അവരുടേത്. ബാറോയെ മങ്കാദിംഗിലൂടെ പുറത്താക്കിയതോടെ കാണികള്‍ ക്ഷുഭിതരായി.”
“എന്റെ ഭാര്യ മൈതാനത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. അത്തരത്തിലുള്ള ഭീഷണികളാണ് ആരാധകര്‍ എനിക്ക് നേരെ ഉയര്‍ത്തിയത്. ഡ്രെസിംഗ് റൂമിന്റെ അരികില്‍ വരെ അവര്‍ അതിക്രമിച്ചെത്തി. അതിന് മുമ്പ് അഞ്ച് തവണ ഞാന്‍ മങ്കാദിംഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വിവാദമായത് ഞാന്‍ സോമര്‍സെറ്റിനെതിരേ ചെയ്തതിനാലാണ്.”
Read more
“ഞാന്‍ മൂന്ന് വര്‍ഷം കളിച്ച ടീമാണ് സോമര്‍സെറ്റ്. ഞാന്‍ സറേയിലേക്ക് പോയതില്‍ അവര്‍ക്ക് നല്ല നിരാശയുണ്ടായിരുന്നു. തുടര്‍ന്ന് എനിക്കെതിരേ പല ആരോപണങ്ങളും അവര്‍ നടത്തി. കൂടുതല്‍ മത്സരങ്ങള്‍ അവര്‍ക്കായി കളിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. മുന്‍ ടീമിനെതിരേ മങ്കാദിംഗ് നടത്തിയതെന്നതാണ് ഇത് വലിയ വിവാദമാക്കി മാറ്റിയത്” മുരളി കാര്‍ത്തിക് പറഞ്ഞു.