2024 മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാകും. കാരണം, 2015 ല്‍ കരിയര്‍ ആരംഭിച്ച താരത്തിന്റെ പ്രകടനം ഏറ്റവും ഉയര്‍ന്നതലത്തിലെത്തിയത് ഈ വര്‍ഷമാണ്. തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടി20 സ്ഥാനമുറപ്പിക്കാനും താരത്തിനായി. ഇപ്പോഴിതാ തന്റെ ഈ പ്രകടനത്തിന് കരുത്തു പകര്‍ന്നതാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.
ഗംഭീര്‍ ഭായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ശേഷം എല്ലാ താരങ്ങളുമായും വ്യക്തിപരമായി സംസാരിച്ചിരുന്നു. എന്നോടും സംസാരിച്ചു. നീ എന്താണെന്ന് എനിക്കറിയാം. സവിശേഷമായ കഴിവുള്ളവനാണ് നീ. എന്ത് സംഭവിച്ചാലും എന്റെ പിന്തുണ നിനക്കുണ്ടാവും. പോയി നീ എന്താണെന്ന് എല്ലാവര്‍ക്കും കാട്ടിക്കൊടുക്കാനാണ് അദ്ദേഹം പറഞ്ഞത്.
ഇത്തരമൊരു പിന്തുണ പരിശീലകനില്‍ നിന്ന് ലഭിക്കുമ്പോള്‍ അത് നമുക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ആദ്യ മത്സരങ്ങളില്‍ ഫ്ളോപ്പായതോടെ മാനസികമായി സമ്മര്‍ദ്ദത്തിലായി. ഗംഭീര്‍ ഭായിയുടെ മുന്നില്‍ പെടാതെ മാറി നടന്നു.
ആദ്യത്തെ നിരാശ പിന്നീട് വാശിയായി. ഇത്രയും പിന്തുണ ലഭിക്കുമ്പോള്‍ എന്തുകൊണ്ടാണ് ശോഭിക്കാന്‍ സാധിക്കാത്തത്. മികച്ച പ്രകടനത്തോടെ പരിശീലകനോടും ടീമിനോടും നീതികാട്ടണമെന്ന വാശിയായിരുന്നു പിന്നീട്- സഞ്ജു പറഞ്ഞു.
ഈ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറി ഉള്‍പ്പെടെ മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡാണ് സഞ്ജു നേടിയെടുത്തത്. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ താരം ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറികളും നേടി.