' നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുകയാണ് എന്റെ ലക്ഷ്യം'; നിലവില്‍ ടീമിന് പുറത്ത്, എന്നിരുന്നാലും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ശക്തമായി തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് സീനിയര്‍ താരം അജിങ്ക്യ രഹാനെ. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും സെലക്ഷന് ലഭ്യമല്ലാത്തതിനാല്‍, 2023 ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് അജിങ്ക്യ രഹാനെയെ വിളിച്ചിരുന്നു. അദ്ദേഹം അവിടെ ബാറ്ററെന്ന നിലയില്‍ തന്റെ മികവ് തെളിയിച്ചു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഉപനായകനായി. എന്നാല്‍, രാഹുലും അയ്യരും തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് താരത്തെ ഒഴിവാക്കി.

എന്നാല്‍ വിട്ടുകൊടുക്കാന്‍ രഹാനെ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിനായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുള്ള ആഗ്രഹം വെറ്ററന്‍ ബാറ്റര്‍ തുറന്നു പറഞ്ഞു. ഇതുവരെ 85 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രഹാനെ 38.46 ശരാശരിയില്‍ 5077 റണ്‍സ് നേടിയിട്ടുണ്ട്. ഈ സീസണില്‍ രഞ്ജി ട്രോഫി നേടുകയെന്ന തന്റെ ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മുംബൈയ്ക്കായി ഈ സമയം നന്നായി ചെയ്യാനാണ് ഞാന്‍ നോക്കുന്നത്. രഞ്ജി ട്രോഫി ഉയര്‍ത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം- രഹാനെ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയിക്കാന്‍ ആവശ്യമായ ഗുണങ്ങളെക്കുറിച്ച് സംസാരിച്ച രഹാനെ, മനസ്സ് ശരിയായിരിക്കണമെന്ന് പറഞ്ഞു. ഓരോ ക്രിക്കറ്റ് താരത്തിനും ഏറെക്കുറെ ഒരേ ഗുണങ്ങളുണ്ടെന്നും എന്നാല്‍ നല്ല മനസ്സാണ് ടീം മാനേജ്മെന്റ് തേടുന്നതെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഒരു ക്രിക്കറ്റ് താരം പരാജയത്തെ എങ്ങനെ നേരിടുന്നു എന്നതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.