ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ്. നവംബര്‍ 22ന് (വെള്ളിയാഴ്ച) പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ്മ ആദ്യ ടെസ്റ്റ് കളിക്കുന്നില്ല.
രോഹിത്തിന്റെ അഭാവം ഇന്ത്യയുടെ മുന്നില്‍ രണ്ട് വഴികളാണ് തുറന്നിരിക്കുന്നത്. അവര്‍ക്ക് റിസര്‍വ് ഓപ്പണര്‍ അഭിമന്യു ഈശ്വരന് ഒരു അരങ്ങേറ്റം നല്‍കാം, അല്ലെങ്കില്‍ കെ എല്‍ രാഹുലിനെ പരിഗണിക്കാം. എന്നിരുന്നാലും, രോഹിത്തിന് കളി നഷ്ടമായാല്‍ ഓപ്പണില്‍ മറ്റൊരു ഓപ്ഷന് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രി.
ഓസ്ട്രേലിയയില്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് ഓപ്പണിംഗില്‍ ഇറക്കാമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി അഭിമന്യു ഈശ്വരന് അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പരാമര്‍ശിച്ചു. എന്നിരുന്നാലും, ആരാണ് ഗെയിമില്‍ കളിക്കുക എന്നത് അവര്‍ നെറ്റ്സില്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
‘അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്, സെലക്ടര്‍മാര്‍ക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങള്‍ക്ക് ശുഭ്മാനെ (ഗില്‍) ഓപ്പണിംഗ് ഓര്‍ഡറിലേക്ക് തള്ളിവിടാം. അവന് മുമ്പ് ഓസ്ട്രേലിയയില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഈശ്വരന് ഓസ്ട്രേലിയയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി നന്നായി കളിച്ചിട്ടില്ല. പക്ഷേ രാഹുലും ഈശ്വരനും നെറ്റ്സില്‍ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നച് പ്രധാനമാകും. പക്ഷേ ശുഭ്മാന്‍ ഗില്‍ ഓപ്ഷന് മികച്ചൊരു ഓപ്ഷനായിട്ട് അവിടുണ്ട്- ശാസ്ത്രി പറഞ്ഞു.