കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിക്കോളാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ മികവിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 36 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 87 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. മിച്ചല്‍ മാര്‍ഷ് തുടങ്ങിവച്ച മിന്നല്‍ ബാറ്റിങ് പിന്നാലെ ഇറങ്ങിയ പുരാന്‍ ഏറ്റെടുക്കുകയായിരുന്നു. 20 ഓവറില്‍ 238 റണ്‍സാണ് ലഖ്‌നൗ നേടിയത്. എല്‍എസ്ജിക്കായി ഈ സീസണില്‍ മിന്നും ഫോമിലാണ് പുരാന്‍. എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നിലാണ് ഇത്തവണ താരം. 280 റണ്‍സിലധികമാണ് പുരാന്‍ എല്‍എസ്ജിക്കായി ഇതുവരെ നേടിയത്.
ഐപിഎല്ലില്‍ ഇത്തവണ കത്തിക്കയറുന്ന സമയത്ത് പുരാന്റെ ഒരു പഴയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. 2021 ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനായിട്ടാണ് പുരാന്‍ കളിച്ചത്. അന്ന് കളിച്ച ആറ് മത്സരങ്ങളില്‍ നാല് തവണയാണ് പൂജ്യത്തിന് താരം പുറത്തായത്. അന്ന് തന്റെ മോശം ഫോമില്‍ കടുത്ത നിരാശ അനുഭവിച്ചിരുന്നു താരം. താന്‍ ഒരുനാള്‍ തിരിച്ചുവരുമെന്ന് അന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
തുടര്‍ന്ന് 2022ലാണ് എല്‍എസ്ജി ടീം പുരാനെ ടീമിലെടുക്കുന്നത്. തുടര്‍ന്ന് അങ്ങോട്ട് താരത്തിന്റെ നാളുകളായിരുന്നു. എല്ലാ സീസണുകളിലും ലഖ്‌നൗവിനായി പുരാന്‍ കത്തിക്കയറുന്ന കാഴ്ച. നിര്‍ണായക മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ടീമിന്റെ രക്ഷകനായി താരം. ഇന്നും അത് തന്നെയാണ് നിക്കോളാസ് പുരാന്‍ ആവര്‍ത്തിച്ചത്.