നിര്‍ണായക ഘട്ടത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ നേരത്തെ ബാറ്റിംഗിന് ഇറക്കാത്ത നായകന്‍ റിഷഭ് പന്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും കമന്റേറ്ററുമായ ഗ്രെയിം സ്മിത്ത്. കാര്‍ത്തിക്കിനെ ഇറക്കാന്‍ വൈകിയതിനെ ശുദ്ധ അസംബന്ധമെന്നാണ് സ്മിത്ത് വിമര്‍ശിച്ചത്.
‘എനിക്കിതു മനസ്സിലാകുന്നില്ല. ഇന്ത്യയിലെത്തന്നെ ഏറ്റവും പരിചയസമ്പന്നനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണു ദിനേഷ് കാര്‍ത്തിക്. ഐപിഎല്‍ വിട്ടേക്ക്. ഇന്ത്യയ്ക്കു വേണ്ടിത്തന്നെ എത്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണു കാര്‍ത്തിക്. കാര്‍ത്തിക്കിനു മുന്‍പ് അക്ഷറിനെ ബാറ്റിംഗിന് ഇറക്കുന്നത് ശുദ്ധ അസംബന്ധം എന്നല്ലാതെ എന്തു പറയാനാണ്’ സ്മിത്ത് പറഞ്ഞു.
രണ്ടാം ട്വന്റി 20 മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ വെറും 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്.
40 റണ്‍സെടുത്ത ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 21 പന്തില്‍ പുറത്താകാതെ 30 റണ്‍സെടുത്തു. കാര്‍ത്തിക്കിന്റെ ഈ പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. കാര്‍ത്തിക്കിന് മുന്നേ ഇറങ്ങിയ അക്സറിന് 11 ബോളില്‍ 10 റണ്‍സാണ് നേടാനായത്.
Read more
മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിനു മുന്‍പേ അക്‌സര്‍ പട്ടേലിനെ ബാറ്റിംഗിന് ഇറക്കാനുള്ള പന്തിന്റെ തീരുമാനം ശുദ്ധ മണ്ടത്തരമായി പോയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.